വീടിന് സമീപം പാർക്ക് ചെയ്ത കാർ കത്തി നശിച്ചു…

തിരുവനന്തപുരം: തലസ്ഥാനത്ത് വീടിനു സമീപം പാർക്ക് ചെയ്തിരുന്ന കാർ കത്തിനശിച്ചു. മുട്ടയ്ക്കാട് സ്വാതി ഭവനിൽ സരിതയുടെ ഉടമസ്ഥതയിലുള്ള കാറാണ് കത്തിയത്. ഇവർ താമസിക്കുന്ന വെണ്ണിയൂർ നെല്ലിവിള ആരിയോട്ടുകോണത്തെ വീടിനു മുന്നിൽ വച്ച് ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ഇവരുടെ ബന്ധു കാർ എടുത്തു പുറത്തുപോയി യാത്ര കഴിഞ്ഞ് തിരികെ വീട്ടിലെത്തി പാർക്ക് ചെയ്തു. അൽപ നേരത്തിന് ശേഷം പുക ഉയരുന്നത് കണ്ട് നോക്കിയപ്പോഴാണ് ബോണറ്റ് ഭാഗത്ത് തീപിടിക്കുന്നതായി കണ്ടത്. ഉടൻ തന്നെ സമീപവാസി വെള്ളമൊഴിച്ച് തീ കെടുത്തിയതിനാൽ വലിയ അപകടം ഉണ്ടായില്ല. പിന്നാലെ വിവരമറിഞ്ഞ് വിഴിഞ്ഞം ഫയർഫോഴ്സ് എത്തി സുരക്ഷാ നടപടികൾ സ്വീകരിച്ചു. കാറിന്റെ എൻജിൻ ഭാഗവും മുൻവശവും കത്തി. ഗ്ലാസ് പൊട്ടിത്തെറിച്ചു. ഷോർട് സർക്യൂട്ട് ആയിരിക്കാം അപകട കാരണമെന്നാണ് പ്രാഥമിക വിവരം.



