‘എല്ലാം മറയ്ക്കാൻ കഴിയുന്ന വികസനം എന്ന മറ; പിണറായി ഇല്ലെങ്കിൽ ഇവിടെ ഇതൊന്നും നടക്കില്ല !’

നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം അന്തിമഘട്ടത്തോട് അടുത്തിരിക്കെ, സിപിഎമ്മിലെ സമീപകാല പ്രവണതകളെ രൂക്ഷമായി വിമർശിച്ച് മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസ്. വികസനം എന്ന മുദ്രാവാക്യം ഉയർത്തി. കുടുംബ വാഴ്ചയ്ക്കും പാർട്ടിനയങ്ങളുടെ ബലികഴിക്കലിനും അഴിമതിക്കും മുകളിൽ ന്യായീകരണ മറ തീർക്കുകയാണ്. ഇടതുപക്ഷ ഗവർൺമെൻ്റ് എന്നതിന് പകരം പിണറായി ഉള്ളതുകൊണ്ടുണ്ടായ വികസനം എന്ന് പ്രചരിപ്പിക്കപ്പെടുകയാണെന്നും മനു തോമസ് ഫെയ്സ്ബുക്ക് കുറിപ്പിൽ സൂചിപ്പിക്കുന്നു.
എല്ലാ സംഘടന -രാഷ്ട്രീയ വ്യതിയാനങ്ങൾക്കും മുകളിൽ വികസനം എന്ന മറകൊണ്ട് മൂടുന്നു. ഇരുപത്താഞ്ചാമത്തെ വയസിൽ എംഎൽഎയും പാർട്ടി ഉയർന്ന നേതാവുമായ ഒരാൾ എൺപത്തിരണ്ടാം വയസിലും എം എൽ എ ആയി മുഖ്യമന്ത്രിസ്ഥാനത്തേക്ക് മത്സരിക്കാൻ തയ്യാറാകുന്നു. പുതിയ തലമുറയെ പ്രവർത്തിക്കാൻ സ്വാതന്ത്ര്യം നല്കാതെ കർമ്മശേഷിയെ മുഴുവൻ അടിമത്തത്തിൻ്റെ വിലാപങ്ങളിൽ മുക്കിയ നേതാവാണ് പിണറായി വിജയൻ. പിണറായിസ്റ്റ് സ്കൂളിൽ പഠിച്ച ചില പുതിയ തലമുറ നേതാക്കളും ഇതേ ഏകാധിപത്യ സ്വഭാവത്തിൻ്റെ വക്താക്കളായി പരിവർത്തനം ചെയ്യപ്പെട്ടുകൊണ്ടിരിക്കപ്പെടുന്നു.
പൊതുവെ കമ്മ്യൂണിസ്റ്റുകാർ അവരുടെ ഭാര്യ, മക്കൾ , ബന്ധുമിത്രാദികൾ എന്നിവരെ തങ്ങളുടെ പൊതുജീവിതത്തിൽ ഏതെങ്കിലും തരത്തിൽ പ്രദശിപ്പിക്കുന്ന രീതി മുമ്പുണ്ടാകാത്തതായിരുന്നു. തികഞ്ഞ വലതുപക്ഷവത്കരണത്തിൻ്റെ ശൈലിയിലേക്ക് സിപിഎം മാറിയിരിക്കുന്നു. ക്ലിഫ് ഹൗസിലെ പുതിയ ബന്ധുക്കാരൻ വളരെ വേഗത്തിൽ സിപിഎമ്മിൻ്റെ രാഷ്ട്രീയ തീരുമാനകേന്ദ്രമായി. ഈ തുടർച്ചയാണ് സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയുടെ സ്ഥാനാർത്ഥിത്വവുമെന്നും മനു തോമസ് മറ്റൊരു കുറിപ്പിൽ വിമർശിക്കുന്നു.



