മലയിൻകീഴിൽ ബൈക്ക് മോഷണം… മൊബൈൽ ഫ്ലാഷ് തെളിച്ച് കവർച്ച നടത്തിയത് മൂന്ന് യുവാക്കൾ… സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: മലയിൻകീഴ് മേപ്പൂക്കടയിൽ വീടിന്റെ പാർക്കിംഗ് ഏരിയയിൽ സൂക്ഷിച്ചിരുന്ന ബൈക്ക് മൂന്ന് യുവാക്കൾ ചേർന്ന് മോഷ്ടിച്ചു. മേപ്പൂക്കടയിലെ എസ്.എസ് ബിൽഡിംഗിൽ ശനിയാഴ്ച പുലർച്ചെ 2.15-ഓടെയായിരുന്നു സംഭവം. മോഷണത്തിന്റെ പൂർണ്ണരൂപം സമീപത്തെ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്.

ബൈക്ക് ഉടമ സുശീലൻ ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് മകളുമായി വീട്ടിലെത്തിയത്. ഹെൽമെറ്റ് ബൈക്കിന് മുകളിൽ തന്നെ വെച്ച ശേഷം ഇവർ അകത്തേക്ക് പോയി. കൃത്യം ഒരു മണിക്കൂറിന് ശേഷം സ്ഥലത്തെത്തിയ മൂന്ന് യുവാക്കൾ ബൈക്കിന്റെ ഹാൻഡിൽ ലോക്ക് തകർക്കുകയായിരുന്നു. ഏകദേശം 15 മിനിറ്റോളം സമയം ചിലവഴിച്ചാണ് മോഷ്ടാക്കൾ ലോക്ക് തകർത്തത്. മൊബൈൽ ഫോണിലെ ഫ്ലാഷ് ലൈറ്റ് തെളിച്ചാണ് ഇവർ മോഷണം നടത്തിയത്. ലോക്ക് തകർത്ത ശേഷം ബൈക്കും ഹെൽമെറ്റും സഹിതം ഉരുട്ടി വീടിന് മുന്നിലെ റോഡിലെത്തിച്ചു. തുടർന്ന് ബൈക്ക് സ്റ്റാർട്ട് ചെയ്ത് മൂന്ന് പേരും ഒരേ ബൈക്കിൽ കയറി കടന്നുകളയുകയായിരുന്നു.

രാവിലെ ബൈക്ക് കാണാതായതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് സിസിടിവിയിൽ മോഷണ ദൃശ്യങ്ങൾ കണ്ടത്. ഉടമ സുശീലന്റെ പരാതിയിൽ മലയിൻകീഴ് പൊലീസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.

Related Articles

Back to top button