‘തെരഞ്ഞടുപ്പിൽ മത്സരിക്കാൻ അഖിൽ മാരാർക്ക് 6 കോടി വരെ കിട്ടികാണും’…. ഷിയാസ് കരീം

കൊച്ചി: തൃക്കാക്കര മണ്ഡലത്തിലെ ട്വന്റി ട്വന്റി സ്ഥാനാർത്ഥിയും ബിഗ് ബോസ് ജേതാവുമായ അഖിൽ മാരാർക്കെതിരെ സാമ്പത്തിക ആരോപണവുമായി മോഡലും നടനുമായ ഷിയാസ് കരീം. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി അഖിൽ മാരാർ പാർട്ടിയിൽ നിന്ന് വൻതുക കൈപ്പറ്റിയെന്നാണ് ഷിയാസിന്റെ ആരോപണം. ഓൺലൈൻ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് ഷിയാസ് കരീം വെളിപ്പെടുത്തൽ നടത്തിയത്.
തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അഖിൽ മാരാർക്ക് പണം ലഭിച്ചിട്ടുണ്ടെന്നത് 100 ശതമാനം ഉറപ്പുള്ള കാര്യമാണെന്ന് ഷിയാസ് പറഞ്ഞു. ഏകദേശം ആറ് കോടി രൂപയോളം ഇത്തരത്തിൽ കൈപ്പറ്റിയിട്ടുണ്ടാകാം. തനിക്ക് നുണ പറയേണ്ട കാര്യമില്ലെന്നും കാലം ഇത് തെളിയിക്കുമെന്നും ഷിയാസ് കൂട്ടിച്ചേർത്തു. അഖിൽ മാരാരെ തൃക്കാക്കരയിലെ ഒരു സാധാരണക്കാരന് പോലും അറിയില്ലെന്ന് ഷിയാസ് പരിഹസിച്ചു. ലോകത്തെ എല്ലാവരും ബിഗ് ബോസ് കണ്ടിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ വിചാരമെന്നും ഷിയാസ് ആരോപിച്ചു.
നേരത്തെ നടൻ രമേശ് പിഷാരടി അഖിൽ മാരാരെക്കുറിച്ച് നടത്തിയ പരാമർശങ്ങൾക്ക് പിന്നാലെയാണ് ഷിയാസ് കരീമും വിമർശനവുമായി രംഗത്തെത്തിയത്. ആരോപണങ്ങളോട് അഖിൽ മാരാറോ ട്വന്റി ട്വന്റി നേതൃത്വമോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.



