കേരളം വികസന കുതിപ്പിലേക്ക്… നുണപ്രചാരണങ്ങളെ പ്രതിരോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കണ്ണൂർ: കേരളം വലിയ വികസന കുതിപ്പിലേക്ക് മാറിയിരിക്കുകയാണെന്നും ഈ മുന്നേറ്റത്തിനൊപ്പം നീങ്ങാൻ ഓരോ നാടിനും കഴിയണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസന നേട്ടങ്ങൾ ജനങ്ങളിലെത്താതിരിക്കാൻ ബോധപൂർവ്വമായ നുണപ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംസ്ഥാനം കൈവരിച്ച വികസന നേട്ടങ്ങൾ എല്ലാ പ്രദേശങ്ങളിലേക്കും ഒരുപോലെ എത്തണം. ഓരോ നാടും ഈ വികസന കുതിപ്പിന്റെ ഭാഗമാകണം. മുഖ്യമന്ത്രി എന്ന നിലയിലും സ്ഥാനാർത്ഥി എന്ന നിലയിലും എല്ലാ വോട്ടർമാരെയും നേരിട്ട് കണ്ട് സംവദിക്കാൻ കഴിഞ്ഞിട്ടില്ല എന്ന പരിമിതിയുണ്ട്. മറ്റ് മണ്ഡലങ്ങളിലും പ്രചാരണത്തിന് പോകേണ്ടതുണ്ടായിരുന്നു. എന്നാൽ ഈ ഉത്തരവാദിത്തം പ്രവർത്തകർ ഏറ്റെടുത്തതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വലിയ തോതിൽ നുണപ്രചാരണങ്ങൾ നടക്കുന്ന കാലമാണിത്. വസ്തുതകൾ വളച്ചൊടിക്കപ്പെടുന്നു. യഥാർത്ഥ വിവരങ്ങൾ കൃത്യമായി ജനങ്ങളിലേക്ക് എത്തിക്കാൻ പ്രവർത്തകർ പ്രത്യേക ശ്രദ്ധ നൽകണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.
സംസ്ഥാന സർക്കാരിന്റെ വികസന പദ്ധതികൾ തുടരണമെങ്കിൽ ഇടതുപക്ഷത്തിന്റെ വിജയം അനിവാര്യമാണെന്നും കണ്ണൂരിലെ വോട്ടർമാർ അത് ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.



