ഇറാൻ യുദ്ധത്തിനിടെ അമേരിക്കയുടെ അപ്രതീക്ഷിത നീക്കം; കരസേനാ മേധാവിയെ പുറത്താക്കി

അമേരിക്കൻ കരസേനാ മേധാവിയെ പുറത്താക്കി. യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സൈത്ത് ആണ് കരസേന മേധാവി റാൻഡി ജോർജിനെ പുറത്താക്കിയത്. ഇറാനുമായുള്ള യുദ്ധം രൂക്ഷമാകുന്നതിനിടെ, സൈനിക മേധാവി സ്ഥാനത്തുനിന്ന് ഉടൻ വിരമിക്കണമെന്ന് സമൂഹമാധ്യമത്തിലെ പോസ്റ്റിലൂടെ ഹെഗ്സെത്ത് റാൻഡിയോട് ആവശ്യപ്പെടുകയായിരുന്നു. റാൻഡി ജോർജിനെ പുറത്താക്കിയെന്ന് പെന്റഗണും സ്ഥിരീകരിച്ചിട്ടുണ്ട്. യുദ്ധത്തിനിടെ അമേരിക്കൻ ഭരണകൂടം നടത്തിയ അപ്രതീക്ഷിത നടപടിക്ക് പിന്നിലെ കാരണം വ്യക്തമല്ല.

അതിനിടെ, യുഎസ് അറ്റോർണി ജനറൽ പാം ബോണ്ടിയെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പദവിയിൽ നിന്ന് നീക്കി. അവരുടെ പ്രവർത്തനം തൃപ്തികരമല്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് ട്രംപിന്റെ നടപടി. ഡൊണാൾഡ് ട്രംപിന്റെ വിശ്വസ്തയെന്ന് അറിയപ്പെട്ടിരുന്ന പാം ബോണ്ടിയെ അറ്റോർണി ജനറൽ സ്ഥാനത്തുനിന്നും മാറ്റിയത് അമേരിക്കൻ രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.

ട്രംപിന്റെ വിശ്വസ്തയായി പരിഗണിക്കപ്പെട്ടിരുന്ന ബോണ്ടിയുടെ കാലയളവിൽ നിരവധി വിവാദങ്ങൾ ഉയർന്നിരുന്നു. പ്രത്യേകിച്ച് ജെഫ്രി എപ്സ്റ്റീൻ ഫയലുകൾ കൈകാര്യം ചെയ്തതിലെ വീഴ്ചകൾ ശക്തമായ വിമർശനങ്ങൾക്ക് വഴിവെച്ചു. ഈ വിഷയത്തിൽ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതും പൊതുജന പ്രതിഷേധം വർധിക്കാൻ കാരണമായി. ഇതിനുപുറമേ, നീതിന്യായ വകുപ്പിനെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് ഉപയോഗിച്ചെന്ന ആരോപണവും ശക്തമായി ഉയർന്നിരുന്നു.

നീതിന്യായ വകുപ്പിനെ ട്രംപിന്റെ രാഷ്ട്രീയ ശത്രുക്കളെ വേട്ടയാടാനുള്ള ആയുധമാക്കി മാറ്റിയെന്ന ഗുരുതരമായ ആരോപണം ഡെമോക്രാറ്റുകൾ ബോണ്ടിക്കെതിരെ ഉന്നയിച്ചിരുന്നു. ജെയിംസ് കോമി, ലെറ്റീഷ്യ ജെയിംസ് തുടങ്ങിയവർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച ബോണ്ടിയുടെ നടപടി വലിയ വിമർശനങ്ങൾ വിളിച്ച് വരുത്തി.

ബോണ്ടിയുടെ നേതൃത്വത്തിന് കീഴിൽ നീതിന്യായ വകുപ്പിൽ അഭൂതപൂർവമായ പ്രതിസന്ധികളാണ് ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ. ട്രംപിനോട് വിശ്വസ്തത പുലർത്തുന്നില്ലെന്ന് ആരോപിച്ച് നിരവധി മുതിർന്ന പ്രോസിക്യൂട്ടർമാരെ അവർ പുറത്താക്കിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് നൂറുകണക്കിന് കരിയർ ജീവനക്കാർ രാജിവെച്ചൊഴിഞ്ഞത് വകുപ്പിന്റെ പ്രവർത്തനങ്ങളെ താളംതെറ്റിച്ചു.

തന്റെ രാഷ്ട്രീയ എതിരാളികളെ പ്രോസിക്യൂട്ട് ചെയ്യാനുള്ള ആവശ്യങ്ങൾ വേഗത്തിൽ നടപ്പിലാക്കുന്നില്ല എന്നതിൽ ട്രംപ് അക്ഷമനായിരുന്നതായി സൂചനകളുണ്ട്. “ഇനി വൈകാൻ കഴിയില്ല, ഇത് നമ്മുടെ വിശ്വാസ്യതയെ ബാധിക്കുന്നു” എന്ന് മുൻപ് ട്രംപ് ബോണ്ടിയോട് സോഷ്യൽ മീഡിയയിലൂടെ പരസ്യമായി ആവശ്യപ്പെട്ടിരുന്നു. ഒടുവിൽ, പ്രതീക്ഷിച്ച ഫലം കാണുന്നില്ലെന്ന വിലയിരുത്തലിൽ ട്രംപ് അവരെ പുറത്താക്കുകയായിരുന്നു. മാറ്റ് ഗേറ്റ്‌സ് പിന്മാറിയതിനെത്തുടർന്നാണ് പാം ബോണ്ടി അറ്റോർണി ജനറൽ സ്ഥാനത്തെത്തിയത്.

Related Articles

Back to top button