നേമത്തിനായി ‘വികസന മാർഗ്ഗരേഖ…ആറ്റുകാൽ ടൗൺഷിപ്പും ടൂറിസം പദ്ധതികളും പ്രധാന വാഗ്ദാനങ്ങൾ

തിരുവനന്തപുരം: നേമം നിയമസഭാ മണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള ‘വികസന മാർഗ്ഗരേഖ’ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ പുറത്തിറക്കി. മണ്ഡലത്തിൽ നിലനിൽക്കുന്ന രാഷ്ട്രീയ രീതികൾക്ക് മാറ്റം വരുത്താനാണ് താൻ മത്സരിക്കുന്നതെന്ന് വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഈ മാർഗ്ഗരേഖ വെറുമൊരു പ്രഖ്യാപനമല്ലെന്നും ജനങ്ങളുമായുള്ള ഒരു സോഷ്യൽ കോൺട്രാക്ട് ആണെന്നും അദ്ദേഹം വ്യക്തമാക്കി.
ആറ്റുകാൽ മണ്ഡലത്തിൽ പുതിയ ടൗൺഷിപ്പ് നിർമ്മാണം. കിരീടം പാലം വിനോദസഞ്ചാര-വാണിജ്യ കേന്ദ്രമായി മാറ്റിയെടുക്കും. വിജയമോഹിനി മിൽ നവീകരിക്കുന്നതിലൂടെ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. വെള്ളായണി കായലിനെ ആധുനിക വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റും. തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി ഭരിക്കുന്ന സാഹചര്യത്തിൽ, നേമത്ത് നിന്ന് ഒരു ബിജെപി എംഎൽഎ കൂടി ഉണ്ടായാൽ കേന്ദ്ര സർക്കാരുമായി ചേർന്ന് ത്രീ ടയർ വികസനം നടപ്പിലാക്കാൻ സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.



