പിണറായിയെ ഇളക്കി മറിച്ച് സുരേഷ് ഗോപിയുടെ റോഡ് ഷോ

മുഖ്യമന്ത്രിയുടെ ജന്മനാടായ പിണറായിയെ ഇളക്കിമറിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ റോഡ് ഷോ. പിണറായി പാണ്ട്യാല മുക്കിൽ നിന്നും ടൗണിലെ പെട്രോൾ പമ്പ് വരെയാണ് പ്രത്യേകം സജ്ജമാക്കിയ വാഹനത്തിൽ സുരേഷ് ഗോപി ധർമ്മടം മണ്ഡലത്തിലെ എൻഡിഎ പ്രചരണത്തിന്റെ ഭാഗമായി റോഡ് ഷോ നടത്തിയത്. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 12.30 ന് ആരംഭിച്ച റോഡ് ഷോ ഒന്നരയോടെ സമാപിച്ചു.
എൻ ഡി എ സ്ഥാനാർത്ഥി കെ. രഞ്ജിത്തും നൂറുകണക്കിന് പാർട്ടി പ്രവർത്തകരും റോഡ് ഷോയിൽ പങ്കെടുത്തു. ബാൻഡ് വാദ്യവും വർണക്കുടകളും വാദ്യമേളങ്ങൾ ഉൾപ്പടെയുള്ള റോഡ് ഷോ കാണാൻ പാതയോരത്ത് വൻ ജനക്കൂട്ടമാണ് ഉണ്ടായിരുന്നത്. റോഡ് ഷോയ്ക്ക് പിന്നാലെ കൊല്ലപ്പെട്ട ബിജെപി പ്രവർത്തകൻ രമിത്തിന്റെ വീടും സുരേഷ് ഗോപി സന്ദർശിച്ചു.
വൈകിട്ട് മൂന്ന് മണിക്ക് തലശേരി മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി ഒ നിധീഷിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലും സുരേഷ് ഗോപി എത്തി. തലശേരി വാടിക്കൽ രാമകൃഷ്ണമന്ദിര പരിസരം മുതൽ തലശേരി പുതിയ ബസ്സ് സ്റ്റാന്റ് വരെ നടന്ന റോഡ്ഷോയിൽ എൻഡിഎ സ്ഥാനാർത്ഥി ഒ. നിധീഷ് ഉൾപ്പെടെ നൂറു കണക്കിന് പാർട്ടി പ്രവർത്തകർ പങ്കെടുത്തു.



