ഒളവണ്ണയിൽ 8 പേരെ കടിച്ച് തെരുവുനായ…. മൂന്ന് വയസുളള കുട്ടിക്ക് സാരമായ പരിക്ക്…. പരിക്കേറ്റവർ ആശുപത്രിയിൽ

കോഴിക്കോട്: ഒളവണ്ണയിൽ തെരുവ് നായയുടെ ആക്രമണത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. പാലാഴിക്ക് സമീപം തലാഞ്ചേരിയിലാണ് വീട്ടുമുറ്റത്ത് നിൽക്കുന്നവർക്കും റോഡിലൂടെ നടന്നുപോയവർക്കും നേരെ നായയുടെ ആക്രമണമുണ്ടായത്. പരിക്കേറ്റവരിൽ മൂന്ന് വയസ്സുള്ള കുട്ടിയും ഉൾപ്പെടുന്നു.
ഇന്നലെ വൈകുന്നേരവും ഇന്ന് രാവിലെയുമായാണ് നായ ആളുകളെ ആക്രമിച്ചത്. പ്രദേശത്ത് ഭീതി പടർത്തിക്കൊണ്ട് നായ പലരെയും ഓടിച്ചിട്ട് കടിക്കുകയായിരുന്നു. അക്രമത്തിൽ പരിക്കേറ്റ എട്ടുപേരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ മൂന്ന് വയസ്സുള്ള കുട്ടിക്ക് സാരമായ പരിക്കുണ്ട്. വീട്ടുമുറ്റത്ത് നിന്നിരുന്നവർക്കും റോഡിലൂടെ സ്വാഭാവികമായി നടന്നുപോയവർക്കുമാണ് കടിയേറ്റത്. കുട്ടികൾക്കും പ്രായമായവർക്കും പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണെന്ന് നാട്ടുകാർ പറയുന്നു.
അക്രമം നടത്തിയ നായയെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല. നായയ്ക്ക് പേവിഷബാധയുണ്ടോ എന്ന കാര്യത്തിലും നാട്ടുകാർക്ക് ആശങ്കയുണ്ട്. പ്രദേശത്ത് നായയെ പിടികൂടുന്നതിനായുള്ള തിരച്ചിൽ തുടരുകയാണ്. തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തെരുവ് നായ ശല്യം വർദ്ധിച്ചുവരുന്നതിനിടെയാണ് ഒളവണ്ണയിലും ദാരുണമായ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.



