ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക്…. മൂന്ന് കിലോയോളം എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ

കോഴിക്കോട്: ജില്ലയിൽ അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയിൽ മുക്കത്ത് നിന്ന് വൻതോതിൽ എംഡിഎംഎ പിടികൂടി. മൂന്ന് കിലോയോളം വരുന്ന മാരക ലഹരിമരുന്നുമായി നീലേശ്വരം സ്വദേശി മുഹമ്മദ് ഹനീഫയെയാണ് റൂറൽ ഡാൻസാഫ് സംഘം പിടികൂടിയത്. ഇയാളുടെ സഹായി എന്ന് കരുതുന്ന ഒരു യുവതിയെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മുക്കം മിനി സിവിൽ സ്റ്റേഷന് സമീപമുള്ള ബസ് സ്റ്റോപ്പിൽ വെച്ച് 500 ഗ്രാം എംഡിഎംഎയുമായാണ് ഹനീഫ ആദ്യം പിടിയിലായത്. കോഴിക്കോട് റൂറൽ എസ്പി ഫറാഷിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘം ഇയാളെ ദീർഘനാളായി നിരീക്ഷിച്ചു വരികയായിരുന്നു. ഹനീഫയെ ചോദ്യം ചെയ്തതിൽ നിന്നും മണാശ്ശേരി കയ്യേരിക്കലിൽ ഇയാൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ കൂടുതൽ ലഹരിമരുന്ന് ഉണ്ടെന്ന് വിവരം ലഭിച്ചു. പോലീസ് നടത്തിയ പരിശോധനയിൽ ഇവിടെ നിന്ന് 2.300 കിലോഗ്രാം എംഡിഎംഎ കൂടി കണ്ടെത്തുകയായിരുന്നു.
ഡൽഹി കേന്ദ്രീകരിച്ച് കേരളത്തിലേക്ക് വൻതോതിൽ ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് ഹനീഫയെന്ന് പോലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഡൽഹിയിൽ നിന്ന് നാട്ടിലെത്തിയ വിവരം അറിഞ്ഞാണ് പോലീസ് വലവിരിച്ചത്. ഡാൻസാഫ് എസ്ഐമാരായ വിനീത് വിജയൻ, രാജീവ് ബാബു, ശ്രീരാഗ്, മനോജ് രാമത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ തന്ത്രപരമായി കുടുക്കിയത്.
ഹനീഫ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ വെച്ചാണ് ഇയാളെ സഹായിച്ചിരുന്ന യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ പങ്കിനെക്കുറിച്ച് പോലീസ് വിശദമായി അന്വേഷിച്ചു വരികയാണ്. പിടിച്ചെടുത്ത ലഹരിമരുന്നിന് വിപണിയിൽ കോടികൾ വിലമതിക്കും. ലഹരിമരുന്ന് ശൃംഖലയിലെ കൂടുതൽ കണ്ണികളെ കണ്ടെത്താനായി പ്രതികളെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് അറിയിച്ചു.



