‘ചേട്ടന്മാർ തിരിച്ചുവന്ന് സിനിമ എടുക്കും, കേസ് കൊടുത്തവൾ പുറത്താകും’…. രഞ്ജിത്ത് വിഷയത്തിൽ സജിത മഠത്തിലിന്റെ പരിഹാസം

ലൈംഗികാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്ത് റിമാൻഡിലായതിന് പിന്നാലെ സിനിമാ മേഖലയിലെ പ്രമുഖരുടെ നിലപാടുകളെ പരിഹസിച്ച് നടി സജിത മഠത്തിൽ. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് സിനിമാ സെറ്റുകളിലെയും ചർച്ചകളിലെയും ഇരട്ടത്താപ്പിനെ സജിത രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്.
“ചേട്ടന്മാർ ഇനിയും ശക്തമായി തിരിച്ചുവന്ന് സിനിമ എടുക്കും, എന്നാൽ കേസ് കൊടുത്തവൾ എക്കാലത്തും പുറത്താകും” എന്നാണ് സജിത കുറിച്ചത്. പരാതി നൽകുന്നവർക്ക് സിനിമാ ലോകത്ത് അവസരം നിഷേധിക്കപ്പെടുന്നതിനെയും, കുറ്റം ആരോപിക്കപ്പെടുന്നവർക്ക് ലഭിക്കുന്ന സംരക്ഷണത്തെയും അവർ പരിഹസിച്ചു. ഇത് ഗൂഢാലോചനയാണെന്നും പരാതി നൽകിയ നടിക്ക് അഭിനയിക്കാൻ അറിയില്ലെന്നും പറഞ്ഞു പരത്തുന്ന രീതിയെയും സജിത കുറിപ്പിൽ പരാമർശിക്കുന്നു. ഈ വർഷം ജനുവരിയിൽ ഫോർട്ട് കൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ വെച്ച് യുവനടിക്ക് നേരെ രഞ്ജിത്ത് ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. കാരവനുള്ളിൽ വെച്ചാണ് അതിക്രമം നടന്നതെന്ന് നടി പരാതിയിൽ വ്യക്തമാക്കുന്നു.
മാനസികാഘാതത്തിലായിരുന്ന നടി കഴിഞ്ഞ ആഴ്ചയാണ് സിറ്റി പോലീസ് കമ്മീഷണറെ സമീപിച്ചത്. തുടർന്ന് ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം രഹസ്യമായി നടത്തിയ പ്രാഥമിക അന്വേഷണത്തിനൊടുവിലാണ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. നിലവിൽ എറണാകുളം സബ് ജയിലിൽ റിമാൻഡിൽ കഴിയുകയാണ് രഞ്ജിത്ത്. അന്വേഷണത്തിന്റെ ഭാഗമായി ഷൂട്ടിംഗ് സെറ്റിലുണ്ടായിരുന്ന മറ്റ് ചലച്ചിത്ര പ്രവർത്തകരുടെ മൊഴിയും പോലീസ് രേഖപ്പെടുത്തും.



