സിൽവർലൈൻ മരവിപ്പിക്കും, ഭൂമി വിട്ടുനൽകും… അധികാരത്തിൽ വന്നാൽ യുഡിഎഫ് നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ

യുഡിഎഫ് അധികാരത്തിൽ വന്നാൽ സിൽവർലൈൻ പദ്ധതി പൂർണ്ണമായും ഉപേക്ഷിക്കുമെന്നും പദ്ധതിക്കായി ഏറ്റെടുത്ത ഭൂമി ഉടമകൾക്ക് വിട്ടുനൽകുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിക്കൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലാണ് എൽഡിഎഫ് സർക്കാരിന്റെ സ്വപ്ന പദ്ധതികൾക്കെതിരെ യുഡിഎഫ് കടുത്ത നിലപാട് വ്യക്തമാക്കിയത്.

സിൽവർലൈൻ പദ്ധതി നടപ്പാക്കില്ലെന്ന് മാത്രമല്ല, ഇതിനായി ഡി-നോട്ടിഫൈ ചെയ്യുന്ന ഭൂമി ഉടമകൾക്ക് തിരികെ നൽകും. കിഫ്ബിയും കേരള ബാങ്കും പുനഃപരിശോധനയ്ക്ക് വിധേയമാക്കും. കിഫ്ബി വെറും പരസ്യം നൽകാനുള്ള സ്ഥാപനമായി മാറിയെന്ന് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. തെലങ്കാന മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവും പിണറായി വിജയനും ഒരുപോലെയാണ് ഭരണം നടത്തിയത്. സ്വന്തം കുടുംബത്തിനും ആവശ്യങ്ങൾക്കും വേണ്ടിയായിരുന്നു ഇരുവരുടെയും നീക്കങ്ങൾ. തെലങ്കാനയിലെ ഗ്യാരണ്ടി പദ്ധതികളെക്കുറിച്ച് തെറ്റായ പ്രചാരണം നടത്തുന്ന പിണറായി അവിടുത്തെ വികസനം നേരിൽ കാണാൻ വരണമെന്നും രേവന്ത് റെഡ്ഢി വെല്ലുവിളിച്ചു.

സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകിയിട്ടും തെലങ്കാന ആർടിസി ലാഭത്തിലാണ്. യുഡിഎഫ് പ്രകടനപത്രികയിൽ പ്രഖ്യാപിച്ച ഗ്യാരണ്ടികൾ കേരളത്തിൽ നടപ്പാക്കുമെന്നത് തന്റെ ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുരിതാശ്വാസ നിധിയിലേക്ക് പ്രതിപക്ഷം ഫണ്ട് നൽകിയിട്ടുണ്ടെന്നും അതിന് മുൻപ് രക്തസാക്ഷി ഫണ്ട് തട്ടിച്ചതിന്റെ കണക്ക് സിപിഎം വ്യക്തമാക്കണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു. വയനാട് വീട് പദ്ധതി പൂർത്തിയാകുമ്പോൾ അതിന്റെ കൃത്യമായ കണക്കുകൾ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button