സിപിഎമ്മിന് പിന്നാലെ എസ്ഡിപിഐ വോട്ട് മോഹിച്ച് നിലപാട് മാറ്റി സിപിഐയും

സിപിഎമ്മിന് പിന്നാലെ എസ്ഡിപിഐ വോട്ട് മോഹിച്ച് നിലപാട് മാറ്റി സിപിഐ നേതൃത്വവും. മതതീവ്രവാദികളുടെ പിന്തുണ വേണ്ടെന്ന് പറഞ്ഞവർ ഇപ്പോൾ ബിജെപിക്കെതിരെ വോട്ട് ചെയ്യുന്നത് സ്വാഗതം ചെയ്യുകയാണ്. നേമത്തടക്കം സ്ഥാനാർത്ഥികൾ പിന്തുണയാവശ്യപ്പെട്ടെന്ന് എസ്ഡിപിഐ നേതൃത്വം പരസ്യമായി പറയുമ്പോഴും അവരെ തള്ളിപ്പറയാൻ മുഖ്യമന്ത്രിയടക്കം എൽഡിഎഫ് നേതാക്കൾക്കാകുന്നില്ല.
ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും അപകടമാണ്. രണ്ടിനെയും ഒരുപോലെ എതിർക്കണം. ഇതുവരെയുള്ള സിപിഎമ്മിൻറെയും സിപിഐയുടെയും പ്രഖ്യാപിത നിലപാട് ഇതായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ എല്ലാക്കാലത്തും വർഗീയതക്കെതിരായി കടുത്ത നിലപാട് സ്വീകരിച്ചയാളുമാണ്. ബിജെപി ഡീലെന്ന ആരോപണത്തിന് പിന്നാലെ എസ്ഡിപിഐ എൽഡിഎഫിന് പിന്തുണ കൊടുക്കുന്ന വിഷയം ഉയർന്നപ്പോൾ മുൻനിലപാട് വച്ച് അവരുടെ പിന്തുണ വേണ്ടെന്ന് ആദ്യം പറയേണ്ടയാൾ പിണറായി വിജയനായിരുന്നു. മൂന്ന് ദിവസമായി എസ്ഡിപിഐ ചോദ്യങ്ങളോട് മുഖംതിരിക്കുകയാണ് പിണറായി.
കഴിഞ്ഞ ശനിയാഴ്ച ബിനോയ് വിശ്വം പറഞ്ഞ വാക്കുകൾക്ക് കമ്മ്യൂണിസ്റ്റ് നേതാവിൻറെ ആർജവമുണ്ടായിരുന്നു. സിപിഐ നിലപാടിൽ പിണറായി വിജയൻ അതൃപ്തി പ്രകടിപ്പിച്ചതോടെ ബിനോയ് വിശ്വം ചുവട്മാറ്റി. ചിഹ്നത്തിന് നേരെ പതിയുന്ന വോട്ടിന് വിജയം എന്ന ഒറ്റ ആശയമേയുള്ളുവെന്നും ആദർശമൊന്നും തിരഞ്ഞെടുപ്പ് കാലത്ത് ചെലവാകില്ലെന്നും സിപിഐക്കും മനസിലായി.



