ആലപ്പുഴയിൽ നടുക്കടലിൽ എഞ്ചിൻ തകരാറിലായ ബോട്ട് കരയ്ക്കടിഞ്ഞു; 12 തൊഴിലാളികൾ..

ആലപ്പുഴ: മത്സ്യബന്ധനത്തിനിടെ എഞ്ചിൻ തകരാറിലായതിനെ തുടർന്ന് നിയന്ത്രണം വിട്ട ബോട്ട് കരയ്ക്കടിഞ്ഞു. കൊല്ലം കാവനാട് സ്വദേശിയായ ശരവണന്റെ ഉടമസ്ഥതയിലുള്ള ‘വേളാങ്കണ്ണി മാത’ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്.
കഴിഞ്ഞദിവസം അർദ്ധരാത്രിയോടെ നീർക്കുന്നത്തിന് പടിഞ്ഞാറ് ഭാഗത്ത് മീൻ പിടിച്ചുകൊണ്ടിരിക്കവെയാണ് ബോട്ടിൽ സാങ്കേതിക തകരാർ സംഭവിക്കുന്നത്. എഞ്ചിൻ പ്രവർത്തനരഹിതമായതോടെ ബോട്ട് തിരമാലകളിൽപ്പെട്ട് കരയിലേക്ക് അടുക്കുകയായിരുന്നു. അപകടസമയത്ത് ബോട്ടിലുണ്ടായിരുന്ന പന്ത്രണ്ട് തൊഴിലാളികളും സുരക്ഷിതമായി കരയ്ക്ക് കയറി.
ബോട്ടിന്റെ അടിഭാഗം പൂർണമായും തകർന്ന് വെള്ളം കയറിയ നിലയിലാണ്. നിലവിൽ ജെസിബികളുടെയും മറ്റ് ബോട്ടുകളുടെയും സഹായത്തോടെ ബോട്ട് കരയ്ക്ക് കയറ്റാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. നാല് ലക്ഷം രൂപയോളം വിലമതിക്കുന്ന മത്സ്യങ്ങൾ നശിച്ചത് ഉടമയ്ക്ക് വലിയ സാമ്പത്തിക നഷ്ടമാണ് വരുത്തിയിരിക്കുന്നത്. രണ്ട് വർഷം മുൻപ് മാത്രം പ്രവർത്തനമാരംഭിച്ച ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ഇതോടെ തൊഴിലാളികളുടെയും ഉടമയുടെയും ഉപജീവനമാർഗം വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്.



