FCRA ഭേദഗതി ഏകാധിപത്യപരം…. ക്രൈസ്തവ സ്ഥാപനങ്ങളെ നിരോധിക്കാൻ നീക്കമെന്ന് കർദിനാൾ ക്ലീമിസ് ബാവ

കേന്ദ്ര സർക്കാരിന്റെ വിദേശ സംഭാവന നിയന്ത്രണ നിയമഭേദഗതി (FCRA) ബില്ലിനെതിരെ കടുത്ത വിമർശനവുമായി കർദിനാൾ മാർ ബസേലിയസ് ക്ലീമിസ് കാതോലിക്കാ ബാവ. ന്യൂനപക്ഷ വിഭാഗങ്ങൾക്ക് വലിയ ആശങ്കയുണ്ടാക്കുന്നതാണ് പുതിയ നിയമമെന്നും ഇത് ഏകാധിപത്യപരമായ അധികാരം നൽകുന്നതാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
നിലവിലുള്ള കർശന നിയമങ്ങൾ പ്രകാരം തന്നെ പതിനായിരത്തിലധികം എൻജിഒകളുടെ ലൈസൻസ് റദ്ദാക്കപ്പെട്ടു കഴിഞ്ഞു. പുതിയ ബിൽ കൂടി വരുന്നതോടെ ക്രൈസ്തവ സ്ഥാപനങ്ങളെ കണ്ടുകെട്ടാനും നിരോധിക്കാനും അധികാരം ലഭിക്കുമെന്നും ഇത് സന്നദ്ധ സംഘടനകളുടെ നിലനിൽപ്പ് ദുഷ്കരമാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിർബന്ധിത മതപരിവർത്തനം നടത്തുന്നവരെ ലക്ഷ്യമിടുമെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ ബൈബിൾ ഒരാൾക്ക് വായിക്കാൻ കൊടുത്താൽ പോലും മതപരിവർത്തനം ആരോപിക്കപ്പെടുന്ന സാഹചര്യമാണുള്ളത്. പുതിയ ചട്ടങ്ങൾ ഇതിനായി ദുരുപയോഗം ചെയ്യപ്പെടുമെന്ന് സഭ ഭയപ്പെടുന്നു.
അഞ്ച് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ അവിടുത്തെ എംപിമാർ പാർലമെന്റിൽ ഇല്ലാത്ത സമയത്താണ് ബിൽ അവതരിപ്പിച്ചത്. ഈ നീക്കത്തിന്റെ ഔചിത്യം ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും സഭയുമായി ഇക്കാര്യത്തിൽ യാതൊരു ചർച്ചയും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഈസ്റ്റർ ദിനങ്ങളിൽ പരീക്ഷകൾ നടത്തുന്നതും പെസഹ വ്യാഴം, ദുഃഖവെള്ളി ദിവസങ്ങളിൽ അധ്യാപകർക്ക് തിരഞ്ഞെടുപ്പ് പരിശീലനം നൽകുന്നതും ക്രൈസ്തവർക്കിടയിൽ വലിയ അസ്വസ്ഥതയുണ്ടാക്കുന്നു. ഇത്തരം പടിപടിയായുള്ള നടപടികൾ വിശ്വാസികളെ വേദനിപ്പിക്കുന്നു. ന്യൂനപക്ഷ കമ്മീഷനിൽ നിലവിൽ ക്രൈസ്തവ പ്രാതിനിധ്യമില്ലെന്നത് ഗൗരവകരമാണ്. ഇത്തരം ആശങ്കകൾ നിലനിൽക്കുമ്പോൾ വോട്ട് രേഖപ്പെടുത്തുന്ന കാര്യത്തിൽ വോട്ടർമാർക്ക് കൃത്യമായ വിവേകമുണ്ടാകുമെന്നും കർദിനാൾ വ്യക്തമാക്കി.



