വിവാഹവാഗ്ദാനം നൽകി പീഡനം….. ആലപ്പുഴയിൽ ഡ്രൈവിംഗ് സ്കൂൾ ഉടമ അറസ്റ്റിൽ

ആലപ്പുഴ: ആലപ്പുഴ കുത്തിയതോട്ടിൽ വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ ഡ്രൈവിംഗ് സ്കൂൾ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. പാണാവള്ളി പഞ്ചായത്ത് കൂടാക്കളച്ചിറ വീട്ടിൽ വിഷ്ണുവാണ് പിടിയിലായത്. മൂന്ന് വർഷത്തോളമായി യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു വരികയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
വിവാഹിതയായ യുവതിയുമായി സൗഹൃദം നടിച്ച് അടുത്ത പ്രതി, വിവാഹവാഗ്ദാനം നൽകി യുവതിയെ കാറിൽ റിസോർട്ടിലെത്തിക്കുകയായിരുന്നു. അവിടെ വെച്ച് ജ്യൂസിൽ ലഹരി കലർത്തി നൽകി അബോധാവസ്ഥയിലാക്കി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. യുവതിയുടെ നഗ്നദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ പ്രതി, ഇവ ഭർത്താവിന് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി. ഈ ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി 2023 മുതൽ 2026 വരെ പലതവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
യുവതി കുത്തിയതോട് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് വിഷ്ണു പിടിയിലായത്. അറസ്റ്റ് ചെയ്ത പ്രതിയെ ചേർത്തല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.



