പരീക്ഷ സമ്മർദങ്ങൾ ഒഴിഞ്ഞു; ഒരേ സ്കൂളിൽ എസ്എസ്എൽസി പരീക്ഷ എഴുതിയത് ആറ് ഇരട്ടജോഡികൾ

സംസ്ഥാനത്തെ പരീക്ഷ ചൂട് അവസാനിച്ചിരിക്കുകയാണ്. ഇന്നലെയോടെ എസ്എസ്എൽസി പരീക്ഷ പൂർത്തിയായി. എന്നാൽ ഇതിനിടെ ഏറെ കൗതുകകരമായ ഒരു വാർത്തയാണ് കാഞ്ഞങ്ങാട്ടെ അജാനൂർ ഇഖ്ബാൽ ഹയർസെക്കൻഡറി സ്കൂളിൽ നിന്നും വരുന്നത്. ഈ സ്കൂളിൽ ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതിയത് 6 ജോടി ഇരട്ടകൾ ആണെന്നതാണ് ഈ കൗതുകം. ആരും ഐഡന്റിക്കൽ ട്വിൻസല്ല. 5 മുതൽ പ്ലസ്ടു വരെയുള്ള ക്ലാസുകളിലായി ആയിരത്തിയഞ്ഞൂറോളം കുട്ടികൾ പഠിക്കുന്ന പൊതുവിദ്യാലയമാണ് ഇഖ്ബാൽ ഹയർസെക്കൻഡറി സ്കൂൾ. ഇവിടെ എല്ലാ വർഷവും ഇരട്ടകളായ വിദ്യാർഥികൾ പരീക്ഷ എഴുതാറുണ്ടെങ്കിലും ഇതാദ്യമായാണ് ഇത്രയധികം ഇരട്ടകൾ എസ്എസ്എൽസി പരീക്ഷ എഴുതുന്നതെന്ന് പ്രധാനാധ്യാപകൻ ടി.കെ.അബ്ദുൽ റഹ്മാൻ പറഞ്ഞു.
കൊത്തിക്കാലിലെ അബ്ദുൽ ഗഫൂറിന്റെയും കമറുവിന്റെയും മക്കളായ മുഹമ്മദ് സയാൻ, മുഹമ്മദ് റിഹാൻ, അതിഞ്ഞാലിലെ ഇസ്മായിലിന്റെയും ഫജ്റുന്നിസയുടെയും മക്കളായ ആയിഷ ബിൻ ഇസ്മായിൽ, മുഹമ്മദ് ബിൻ ഇസ്മായിൽ, ഇട്ടമ്മലിലെ കെ.അഷ്റഫിന്റെയും ടി.മൈമൂനയുടെയും മക്കളായ ഫാത്തിമത്ത് ഫിദ, ഫാത്തിമത്ത് നദ, റഹ്മത്ത് നഗറിലെ കെ.ഇബ്രാഹിമിന്റെയും മറിയുമ്മയുടെയും മക്കളായ ഫാത്തിമത്ത് ലുബാബ, ഫാത്തിമത്ത് ലബീബ കൊളവയലിലെ അബ്ദുൽ കരീമിന്റെയും റാബിയയുടെയും മക്കളായ പി.ബീഫാത്തിമ, പി.മുഹമ്മദ്, അഡൂർ പുളിയത്തട്ക്ക സ്വദേശികളായ എ.ശാഫിയുടെയും റഹ്മത്തിന്റെയും മക്കളായ മുഹമ്മദ് ഷാദിൽ, അഹമ്മദ് ഷബീൽ എന്നിവരാണ് ഇംഗ്ലിഷ്, മലയാളം മീഡിയങ്ങളിലായി എസ്എസ്എൽസി പരീക്ഷ എഴുതിയത്.
സംസ്ഥാനത്ത് 4,17,497 കുട്ടികളാണ് എസ്എസ്എൽസി പരീക്ഷ എഴുതിയത്. മൂല്യനിർണയ ക്യാമ്പുകൾ ഏപ്രിൽ 16ന് ആരംഭിച്ച് മെയ് രണ്ടിന് പൂർത്തിയാകും. മെയ് മൂന്നാംവാരത്തിനുള്ളിൽ എസ്എസ്എൽസി പരീക്ഷാ ഫലപ്രഖ്യാപനം നടത്തും. പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന് നടത്തും. ഒന്നുമുതൽ ഒമ്പതുവരെയുള്ള ക്ലാസുകളുടെ പരീക്ഷകൾ പൂർത്തിയാക്കി ഇന്ന് മധ്യവേനലവധിക്കായി സ്കൂൾ അടയ്ക്കും. ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകൾ ശനിയാഴ്ച പൂർത്തിയായിരുന്നു



