വയോധികയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം…മകൻ അറസ്റ്റിൽ

കൊല്ലം: അഞ്ചാലുംമൂട്ടിൽ വയോധികയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കേസിൽ മരിച്ച സ്ത്രീയുടെ മകൻ അറസ്റ്റിലായി. തൃക്കരുവ ഞാറയ്ക്കൽ ആനചുട്ടമുക്ക് സമീപത്തെ ഈരത്തഴികത്ത് പൊന്നമ്മ (62) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ വർഗീസ് (32) നെ അഞ്ചാലുംമൂട് പൊലീസ് പിടികൂടി.
കഴിഞ്ഞ 15-ാം തീയതി ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് പൊന്നമ്മയെ വീട്ടുപറമ്പിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. അമ്മ കിണറ്റിൽ വീണുവെന്ന് പറഞ്ഞ് വർഗീസ് ബഹളംവെച്ചതിനെ തുടർന്ന് നാട്ടുകാർ സ്ഥലത്തെത്തി അഗ്നിരക്ഷാസേനയെയും പൊലീസിനെയും വിവരം അറിയിച്ചു. തുടർന്ന് കൊല്ലത്തുനിന്നെത്തിയ അഗ്നിരക്ഷാസേന കിണറ്റിൽ നിന്ന് പൊന്നമ്മയെ പുറത്തെടുത്തു, എന്നാൽ ജീവൻ രക്ഷിക്കാനായില്ല.
ആദ്യഘട്ടത്തിൽ അസ്വാഭാവിക മരണമായി കേസ് രജിസ്റ്റർ ചെയ്തെങ്കിലും, മൃതദേഹപരിശോധനയിൽ സംശയാസ്പദമായ കണ്ടെത്തലുകൾ ഉണ്ടായി. ഇതോടെ വർഗീസിനെ പൊലീസ് നിരീക്ഷണത്തിലാക്കി. തുടർന്ന് ഇയാൾ അമ്മയെ കിണറ്റിൽ തള്ളിയിട്ടതായി ചിലരോട് പറഞ്ഞുവെന്ന വിവരം പൊലീസിന് ലഭിച്ചു.
കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യംചെയ്യലിൽ വർഗീസ് കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. മദ്യപിച്ച് വീട്ടിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് ഇയാളുടെ പതിവായിരുന്നുവെന്നും, സംഭവദിവസം രാവിലെ അമ്മയുമായി തർക്കം ഉണ്ടായിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തി.അഞ്ചാലുംമൂട് എസ്.എച്ച്.ഒ. അജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസിന്റെ അന്വേഷണം നടത്തുന്നത്.



