ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റ് പിണറായി വിജയൻ… മുഖ്യമന്ത്രിയുടെ ചോദ്യങ്ങൾക്ക് അതേ നാണയത്തിൽ തിരിച്ചടിച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ആർ എസ് എസ്, സംഘപരിവാർ ബന്ധം ചൂണ്ടിക്കാട്ടിയുള്ള മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തമ്മിലുള്ള പോര് കനക്കുന്നു. ബിജെപി – സിപിഎം ഡീലെന്ന ആരോപണത്തിന്, ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങി വിളക്കു കൊളുത്തിയത് ഏത് ഡീൽ ആയിരുന്നു എന്നതടക്കമുള്ള മുഖ്യമന്ത്രിയുടെ ചോദ്യങ്ങൾക്ക് അതേ നാണയത്തിൽ തിരിച്ചടിച്ച് പ്രതിപക്ഷ നേതാവ് രംഗത്തെത്തി. ആര്‍എസ്എസിനെ പ്രതിരോധിച്ചത് സിപിഎമ്മാണെന്നും അതില്‍ കോണ്‍ഗ്രസിന് ഒരു പങ്കുമില്ലെന്നുമുള്ള പിണറായി വിജയന്റെ നിരന്തരമുള്ള പ്രസ്താവന ചരിത്രം അറിയുന്ന കേരള ജനത അവജ്ഞയോടെ തള്ളിക്കളയുമെന്ന് സതീശൻ അഭിപ്രായപ്പെട്ടു. കാരണം ലക്ഷണമൊത്തെ ആര്‍എസ്എസ് ഏജന്റ് പിണറായി വിജയനാണെന്നും സതീശൻ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം….
1977 ല്‍ ആര്.എസ്.എസിന്റെ പിന്തുണയില്‍ മത്സരിച്ച് നിയമസഭയില്‍ എത്തിയ എം.എല്‍.എ പിണറായി വിജയനാണ്, അല്ലാതെ വി.ഡി സതീശനല്ല. അന്ന് ഉദുമയിലെ സി.പി.എം- ആര്.എസ്.എസ് സംയുക്ത സ്ഥാനാര്‍ത്ഥിയായിരുന്നില്ലേ ആര്.എസ്.എസ് നേതാവ് കെ.ജി മാരാര്‍? അതേ കെ.ജി മാരാര്‍ ഇ.എം.എസിന് ബാഡ്ജ് കുത്തിക്കൊടുക്കുന്ന ചിത്രം ഇപ്പോഴും ലഭ്യമാണെന്നതും മറക്കരുത്. പാലക്കാട് മത്സരിച്ച സി.പി.എം സ്ഥാനാര്‍ത്ഥി ശിവദാസ മേനോന്റെ പ്രചരണ പരിപാടിയില്‍ മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി പങ്കെടുത്തതും പിണറായി വിജയന് നിഷേധിക്കുമോ? 1989 ല്‍ കോണ്‍ഗ്രസിനെ അട്ടിമറിക്കാന്‍ വി.പി സിംഗിന് പിന്തുണ നല്‍കിക്കൊണ്ട് സി.പി.എം നേതാക്കളായ ഇ.എം.എസും ജോതിബസുവും അദ്വാനിക്കും വാജ്പേയ്ക്കും ഒപ്പം നില്ക്കുന്ന ചിത്രങ്ങളും ഗൂഗിളില്‍ പരതിയാല്‍ കിട്ടും. ഈ വിപ്ലവ പാരമ്പര്യങ്ങളൊക്കെ മറച്ചുവച്ചു കൊണ്ടാണ് ആര്.എസ്.എസിനോട് ഒരു ഘട്ടത്തിലും സന്ധി ചെയ്തിട്ടില്ലെന്നും വര്‍ഗീയതയെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചെന്നും പിണറായി വിജയന് പറയുന്നത്.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ സി.പി.എം- ബി.ജെ.പി സഖ്യം കേരളത്തില്‍ ഉണ്ടായിരുന്നെന്ന വെളിപ്പെടുത്തല്‍ നടത്തിയത് ആര്.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസറിന്റെ മുന്‍ എഡിറ്റര്‍ ബാലശങ്കറാണ്. അതിന് എന്ത് മറുപടി പറയാനുണ്ട്? ആ സഖ്യത്തിന്റെ കാരണഭൂതന് പിണറായി വിജയനാണ്. വി.ഡി സതീശനല്ല. ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് സ്വകാര്യ വാഹനത്തില്‍ തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലില്‍ ആര്.എസ്.എസ് നേതാക്കളുമായി ശ്രീ എമ്മിന്റെ മധ്യസ്ഥതയില്‍ ചര്‍ച്ച നടത്തിയതും പിണറായി വിജയനാണ്, വി.ഡി സതീശനല്ല.
നിയമസഭയില്‍ പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഇക്കാര്യം ചോദിച്ചപ്പോള്‍ മറുപടി പറയാതെ തലകുനിച്ച് ഇരുന്ന മുഖ്യമന്ത്രിയുടെ പേരും പിണറായി വിജയനെന്നാണ്. ദേശീയപാത തകര്‍ന്ന് വീണപ്പോള്‍ നാഗ്പൂരിലെ ആര്.എസ്.എസ് ആസ്ഥാനത്തിന്റെ പ്രതിനിധിയായ നിതിന്‍ ഗഡ്കരിക്ക് ആമാടപ്പെട്ടിയും പൊന്നാടയുമായി പോയതും പിണറായി വിജയനാണ്, വി.ഡി സതീശനല്ല. നിര്‍മ്മല സീതാരാമനുമായി ഡല്‍ഹിയില്‍ പുട്ടും കടലയും കഴിക്കാന്‍ പോയപ്പോള്‍ സംസ്ഥന ഗവര്‍ണ്ണറെ കൂടെ കൂട്ടിയത് പിണറായി വിജയനാണ്, വി.ഡി സതീശനല്ല. അമിത്ഷാ പറഞ്ഞപ്പോള്‍ 90 ഡിഗ്രി കുനിഞ്ഞു നിന്ന് പി.എം ശ്രീയില്‍ ഒപ്പിട്ടു കൊടുത്ത ആളുടെ പേര് പിണറായി വിജയന് എന്നാണ്, വി.ഡി സതീശനെന്നല്ല. ഒരു ഘട്ടത്തില്‍ ആര്.എസ്.എസ് വോട്ട് വേണ്ടെന്ന് പറഞ്ഞിട്ടുണ്ടെന്നും എല്ലാ ഘട്ടത്തിലും അങ്ങനെ പറഞ്ഞിട്ടില്ലെന്നും മനോരമ ചാനലിന് അഭിമുഖം നല്കിയ ആളുടെ പേരും പിണറായി വിജയന് എന്നാണ്, വി.ഡി സതീശന് എന്നല്ല. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണങ്ങള്‍ ഒഴിവാക്കുന്നതിന് പകരം ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പ്രതിയാകേണ്ടിയിരുന്ന കൊടകര കുഴല്‍പ്പണ കേസ് അട്ടിമറിച്ചത് പിണറായി വിജയനാണ്, വി.ഡി സതീശനല്ല.
എ.ഡി.ജി.പിയെ ആര്.എസ്.എസ് നേതാക്കളുടെ അരികിലേക്ക് ദൂതുമായി അയച്ച മുഖ്യമന്ത്രിയും പിണറായി വിജയനാണ്, വി.ഡി സതീശനല്ല. പിടിക്കപ്പെട്ടപ്പോള്‍ യാതൊരു ഉളുപ്പുമില്ലാതെ എ.ഡി.ജി.പിയെ സംരക്ഷിച്ചതും ഇതേ പിണറായി വിജയനാണ്. തൃശൂര്‍ പൂരം കലക്കി ബി.ജെ.പിയെ തൃശൂരില്‍ ജയിപ്പിച്ച് കരുവന്നൂരിലെ ഇ.ഡി അന്വേഷണവും മകളുടെ കമ്പനിക്കെതിരായ എസ്.എഫ്.ഐ.ഒ അന്വേഷണവും അട്ടിമറിച്ച മുഖ്യമന്ത്രിയുടെ പേരും പിണറായി വിജയനെന്നാണ്. സംഘ്പരിവാറിന് എതിരായ കോണ്‍ഗ്രസിന്റെ പോരാട്ടത്തിന് പിണറായി വിജയന്റെ സ്റ്റഡി ക്ലാസ് വേണ്ട. അത് ഇനി കേരളത്തിലെ സി.പി.എമ്മിനും അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. മുഖ്യമന്ത്രിയുടെ കയ്യിലുള്ളതിനേക്കാള്‍ ചിത്രങ്ങള്‍ ഞങ്ങളുടെ കയ്യിലുണ്ട്. അതിന് കൂടി മറുപടി പറഞ്ഞു പോകൂ.



