മദ്യപിച്ചെത്തിയ പൊലീസുകാരന് പമ്പയിലേക്ക് നേരത്തേ പോകണം; കെഎസ്ആർടിസി ബസ് ഓടിക്കാൻ ശ്രമം; കേസെടുത്ത് പൊലീസ്

മദ്യപിച്ചെത്തിയ പൊലീസുകാരൻ മദ്യലഹരിയിൽ കെഎസ്ആർടിസി ബസ് ഓടിക്കാൻ ശ്രമിച്ചത് ആശങ്ക സൃഷ്ടിച്ചു. പത്തനംതിട്ട സ്റ്റാൻഡിൽ എത്തിയ ബസ് പ്ലാറ്റ്‌ഫോമിൽ പാർക്കു ചെയ്ത ശേഷം ബസ് ഡ്രൈവർ ഓഫീസിലേക്ക് പോയ സമയത്താണ് പൊലീസുകാരൻ മദ്യലഹരിയിൽ ബസ് ഓടിക്കാൻ ശ്രമിച്ചത്. പമ്പയ്ക്കുള്ള കെഎസ്ആർടിസി ബസാണ് അടൂർ എആർ ക്യാംപിൽ നിന്നെത്തിയ ആയൂർ സ്വദേശിയായ മനോജ് കുമാർ എന്ന പൊലീസികാരൻ ഓടിക്കാൻ ശ്രമിച്ചത്. ബസ് നേരത്തേ പോകണം എന്നതായിരുന്നു ഇയാളുടെ ആവശ്യം.

കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെയാണ് സംഭവം. എല്ലാ ദിവസവും വൈകിട്ട് 6.50നാണ് പമ്പ ബസ്. ഈ ബസ് 6.30ന് എടുക്കണമെന്നാവശ്യപ്പെട്ടാണ് പമ്പ ഡ്യൂട്ടിക്ക് പോകാനെത്തിയ പൊലീസുകാരൻ ബഹളം വച്ചത്. ഇതിനു പിന്നാലെ ഇയാൾ ഡ്രൈവറുടെ സീറ്റിൽ കടന്നിരുന്നു ബസ് ഓടിക്കാൻ ശ്രമിക്കുകയായിരുന്നു. ബസ് സ്റ്റാർട്ടാക്കി മുന്നോട്ട് എടുത്തതോടെ ഓഫായി നിന്നു. ഇതിനാൽ വൻ ദുരന്തം ഒഴിവായി.

പമ്പയിൽ ഡ്യൂട്ടിക്കു പോകാനെത്തിയ മറ്റൊരു പൊലീസുകാരൻ പ്രശ്നത്തിൽ ഇടപെട്ടു. ഇതിനിടെ സ്റ്റേഷൻ മാസ്റ്റർ പൊലീസിനെ വിവരമറിയിച്ചു. ഇയാൾ മദ്യപിച്ചാണെത്തിയതെന്ന് പരിശോധനയിൽ തെളിഞ്ഞു. കെഎസ്ആർടിസി അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പത്തനംതിട്ട പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ബസ് കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ചതിനും ജീവനക്കാരോടു മോശമായി പെരുമാറിയതിനുമാണു കേസ്. അസഭ്യം വിളിച്ചത് ചോദ്യം ചെയ്തപ്പോൾ സ്ത്രീകളോട് ഉൾപ്പെടെ മോശമായി സംസാരിച്ചെന്നും ആക്ഷേപമുണ്ട്.

പത്തനംതിട്ട സ്റ്റേഷനിലെ എസ്ഐ സ്ഥലത്തെത്തിയപ്പോളാണ് താനും പൊലീസുകാരനാണെന്ന് ഇയാൾ വെളിപ്പെടുത്തിയത്. ഇയാൾ മദ്യ ലഹരിയിലായിരുന്നതായും ബസിനുള്ളിൽ വച്ച് ഒച്ചപ്പാട് ഉണ്ടാക്കിയതായും യാത്രക്കാർ പറയുന്നു. ഏറെ തർക്കങ്ങൾക്കും ബഹളങ്ങൾക്കും ശേഷം കുറെ വൈകിയാണ് ബസ് പമ്പയിലേക്കു യാത്ര തിരിച്ചത്. സ്റ്റേഷൻ ജാമ്യം ലഭിക്കുന്ന വകുപ്പുകളാണു ചുമത്തിയത്.

Related Articles

Back to top button