നിധി പോലെ കാക്കുന്ന മണ്ഡലം… ഗണേഷ് കുമാറിന്റെ പത്തനാപുരത്ത് ചാമക്കാലയുടെ രണ്ടാം അങ്കം

പത്തനാപുരം: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പത്തനാപുരത്ത് വികസനത്തിനൊപ്പം വിവാദങ്ങളും കളം പിടിച്ചിരിക്കുകയാണ്. എൽഡിഎഫിൽ ഘടകകക്ഷിയായ കേരളാ കോൺഗ്രസ് ബി വിഭാഗം മത്സരിക്കുന്ന പത്തനാപുരത്ത് ഇത്തവണ വെല്ലുവിളികൾ ഏറെയാണ്. അതേസമയം വിവാദങ്ങളും ആയുധമാക്കി ഭരണം പിടിക്കാനാണ് കോൺഗ്രസ് ലക്ഷ്യം.
കാലങ്ങളായി കാത്തുസൂക്ഷിക്കുന്ന നിധി പോലെയാണ് ഗണേഷ് പത്തനാപുരം കൈപ്പിടിയിലാക്കിയിരുന്നത്. കേരളാ കോൺഗ്രസ് ബി വിഭാഗത്തിന് വ്യക്തമായ ഭൂരിപക്ഷമുള്ള പ്രദേശം. പത്തനാപുരം, പട്ടാഴി, പട്ടാഴി വടക്കേക്കര, പിറവന്തൂർ, തലവൂർ, വിളക്കുടി എന്നീ പഞ്ചായത്തുകളും കൊട്ടാരക്കര താലൂക്കിലെ മേലില, വെട്ടിക്കവല എന്നീ പഞ്ചായത്തുകളും ചേർന്നതാണ് പത്തനാപുരം നിയമസഭാമണ്ഡലം. എൽഡിഎഫിലെ ഘടക കക്ഷിയായി നിൽക്കുന്ന കേരളാ കോൺഗ്രസ് ബി വിഭാഗം ഇത്തവണയും സിറ്റിങ് എംഎൽഎ ആയ കെ. ബി ഗണേഷ് കുമാറിനെ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്.
കഴിഞ്ഞ ടേം ഗണേഷിനെതിരെ മത്സരിച്ച കോൺഗ്രസിന്റെ ജ്യോതികുമാർ ചാമക്കാല ഗണേഷിന് കിട്ടേണ്ട ഭൂരിപക്ഷത്തില് വിള്ളൽ ഉണ്ടാക്കിയിരുന്നു. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ഇത്തവണയും ആ ടിക്കറ്റ് വീണത് ചാമക്കാലക്ക് തന്നെ. മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി. വികസനവും രഷ്ട്രീയവും കൂടാതെ ഗണേഷിനെ വേട്ടയാടുന്ന നിരവധി ആരോപണങ്ങൾ തലത്തിൽ കിടക്കുന്നത് കോൺഗ്രസിന് ഒരു പക്ഷേ അനുകൂലമായേക്കാം എന്നാണ് റിപ്പോർട്ട്. അതേസമയം, മണ്ഡലത്തിൽ നടത്തിയ വികസനങ്ങൾ വോട്ടാകുമെന്നാണ് ഗണേഷ് കരുതുന്നത്. കെ.എസ്.ആർ.ടി.സിയിൽ കൊണ്ട് വന്ന പരിഷ്ക്കാരങ്ങളും കൈമുതലാക്കാനാണ് ലക്ഷ്യമിടുന്നത്.



