ഇടതുപക്ഷത്ത് നേരിട്ടത് കടുത്ത അവഗണന’; കാരാട്ട് റസാഖ് വീണ്ടും മുസ്ലിം ലീഗില്‍

ഇടതു എംഎല്‍എയായിരുന്ന കാരാട്ട് റസാഖ് വീണ്ടും മുസ്ലിം ലീഗിലേക്ക് തിരിച്ചെത്തി. പാണക്കാട് വീട്ടിലെത്തി ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളില്‍ നിന്നാണ് റസാഖ് വീണ്ടും ലീഗ് അംഗത്വം സ്വീകരിച്ചത്. പി കെ കുഞ്ഞാലിക്കുട്ടി, എം കെ മുനീര്‍ തുടങ്ങിയ നേതാക്കള്‍ ചടങ്ങില്‍ സംബന്ധിച്ചു. 2016 ലാണ് കാരാട്ട് റസാഖ് മുസ്ലിം ലീഗ് വിട്ട് എല്‍ഡിഎഫിലേക്ക് ചേക്കേറിയത്.

ഇടതുപക്ഷത്ത് കടുത്ത അവഗണന നേരിട്ടതായി കാരാട്ട് റസാഖ് പറഞ്ഞു. പൊതുവെ സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ചേര്‍ത്തുപിടിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഒരുപാട് മുന്‍ എംഎല്‍എമാരും മന്ത്രിമാരും അതുക്കൊണ്ടാണ് ഇവിടെ നിന്നും പടിയിറങ്ങി പോയത്. സഹയാത്രികര്‍ക്കും രക്ഷയില്ലാത്ത അവസ്ഥയാണ് ഇടതുപക്ഷത്തെന്നും കാരാട്ട് റസാഖ് പറഞ്ഞു. ലീഗ് വിട്ട കാരാട്ട് റസാഖ് 2016 ല്‍ സിപിഎം പിന്തുണയോടെ ഇടതു സ്വതന്ത്രനായി നിയമസഭയിലേക്ക് വിജയിച്ചിരുന്നു.

എല്‍ഡിഎഫില്‍ ഏതാനും നാളുകളായി കടുത്ത അതൃപ്തിയിലായിരുന്നു കാരാട്ട് റസാഖ്. തുടര്‍ന്ന് ലീഗിലേക്ക് തിരിച്ചുപോകാനായി ചര്‍ച്ചകള്‍ നടത്തിവരികയായിരുന്നു. 2016 വരെ മുസ്ലിം ലീഗിന് ശക്തമായ സ്വാധീനമുള്ള മണ്ഡലമായിരുന്നു കൊടുവള്ളി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ലീഗ് മണ്ഡലം സെക്രട്ടറിയുമായിരുന്ന കാരാട്ട് റസാഖ് 2016 ല്‍ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ് ഇടതുപക്ഷത്തേക്ക് കൂറുമാറുന്നത്.

Related Articles

Back to top button