അലുവ അതുൽ കൊല്ലപ്പെട്ട കേസ്…വാട്‌സ്ആപ്പ് വഴി ക്വട്ടേഷൻ തുക സമാഹരിച്ചതായി സംശയം…

ഗുണ്ടാ നേതാവ് അലുവ അതുലിന്റെ കൊലപാതകം കേരളത്തെ ഞെട്ടിക്കുന്ന പുതിയ വെളിപ്പെടുത്തലുകളിലേക്ക് നീങ്ങുകയാണ്. കൊലപാതകത്തിന് ആവശ്യമായ പണം സമാഹരിച്ചത് വാട്‌സ്ആപ്പ് വഴിയുള്ള ക്രൗഡ് ഫണ്ടിങ്ങിലൂടെയാണെന്ന സൂചനകൾ പുറത്തുവന്നു. മുൻപ് കൊല്ലപ്പെട്ട ജിം സന്തോഷിന്റെ കുടുംബത്തെ സഹായിക്കാനെന്ന പേരിൽ സുഹൃത്തുക്കൾ നടത്തിയ പണപ്പിരിവ് ഈ ക്രട്ടേഷനായി മാറ്റുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിരോധിത സംഘടനകളുടെ സാമ്പത്തിക സഹായം ഈ കൊലപാതകത്തിന് പിന്നിലുണ്ടോ എന്നും ഗൗരവമായി പരിശോധിക്കുന്നുണ്ട്.

കഴിഞ്ഞ ശനിയാഴ്ച കരുനാഗപ്പള്ളി സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങുന്നതിനിടെയാണ് അലുവ അതുലിനെ കൊല്ലപ്പെടുത്തിയത്. ഹൈക്കോടതി നിർദ്ദേശപ്രകാരം എല്ലാ ശനിയാഴ്ചയും ഹാജരാകണമെന്ന വിവരം കൃത്യമായി മനസ്സിലാക്കിയായിരുന്നു ആക്രമണം. ഇന്നോവ കാറിലെത്തിയ സംഘം അതുലിന്റെ വാഹനത്തെ ദേശീയപാതയിലെ നിർമ്മാണക്കുഴിയിലേക്ക് ഇടിച്ചുതെറിപ്പിച്ച ശേഷം ആക്രമിക്കുകയായിരുന്നു. കൊലപാതകം നടന്ന് 12 മണിക്കൂറിനുള്ളിൽ പത്തോളം പ്രതികളെ പോലീസ് പിടികൂടി.

കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ബ്ലാക്ക് വിഷ്ണു, അനീർ, ഹുസൈൻ, ഷിനു പീറ്റർ തുടങ്ങിയവർ കഴിഞ്ഞ മൂന്ന് മാസമായി കൊല്ലം വാളകത്തുള്ള ഒരു സിനിമാ നിർമ്മാതാവിന്റെ ഉടമസ്ഥതയിലുള്ള ക്വാറിയിലാണ് ഒളിവിൽ കഴിഞ്ഞിരുന്നത്. പ്രതികൾ ഉപയോഗിച്ച വാഹനങ്ങൾ ഈ ക്വാറിയിൽ ഉണ്ടായിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ വിവരങ്ങൾ പോലീസ് ആദ്യം പുറത്തുവിടാതിരുന്നത് വലിയ ആക്ഷേപങ്ങൾക്ക് ഇടയാക്കിയിരുന്നു. ഗുണ്ടാപ്പകയും വ്യക്തമായ ആസൂത്രണവുമാണ് ഈ അരുംകൊലയ്ക്ക് പിന്നിലെന്ന് പോലീസ് ഉറപ്പിക്കുന്നു.

Related Articles

Back to top button