‘ഞാൻ ബിജെപിയിലേക്കു വന്നത് മോദിജി കാരണം… നാട് മാറണം’… പ്രതികരണവുമായി റോബിൻ രാധാകൃഷ്‍ണൻ

നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയതി പുറത്തുവന്നതിന് പിന്നാലെ കേരളക്കരയിലെങ്ങും തിരഞ്ഞെടുപ്പ് ആവേശമാണ്. ഓരോ പാർട്ടികളുടേയും സ്ഥാനാർത്ഥി നിർണയവും പ്രഖ്യാപനവുമെല്ലാം നടക്കുകയാണ്. ഇതിനിടെ ചർ‌ച്ചയാകുന്ന ഒന്നാണ് സെലിബ്രിറ്റികളുടെ രാഷ്ട്രീയപ്രവേശം. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും മുൻപേ മുൻ ബിഗ് ബോസ് താരം ഡോ. റോബിൻ രാധാകൃഷ്‍ണൻ ബിജെപി അംഗത്വമെടുത്തിരുന്നു. ഈ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ റോബിൻ രാധാകൃഷ്‍ണൻ മത്സരിക്കുമെന്ന സൂചനകളും അന്ന് തന്നെ പുറത്തുവന്നിരുന്നു. പാർട്ടി പറഞ്ഞാൽ മൽസരിക്കും എന്ന നിലപാടാണ് റോബിൻ സ്വീകരിച്ചിപോന്നത്. എന്നാൽ ഇതിനകം പുറത്തുവിട്ട സ്ഥാനാർത്ഥി പട്ടികയിൽ പേരില്ലെങ്കിലും, പാർട്ടിയുടെ പ്രചാരണ പരിപാടികളിൽ താരം സജീവമാണ്. വടകരയിൽ പാർട്ടി ചടങ്ങിൽ പങ്കെടുക്കാൻ വന്ന റോബിൻ പറഞ്ഞ കാര്യങ്ങളും ശ്രദ്ധ നേടുകയാണ്.

”മോദിജിയാണ് എന്റെ പ്രചോദനം. മോദിജി കാരണമാണ് ഞാൻ ഈ പാർട്ടിയിലേക്ക് വന്നത്. കഴിഞ്ഞ ദിവസം ഞാൻ അദ്ദേഹത്തെ കാണാനിടയായി. നിരവധി വികസനപദ്ധതികളാണ് അദ്ദേഹം കേരളത്തിനു വേണ്ടി നൽകിയിരിക്കുന്നത്. ഇതുപോലുള്ള ഒരുപാട് കാര്യങ്ങൾക്കായി നമ്മുടെ നാട് കാത്തിരിക്കുന്നുണ്ട്. ആരുടെ കൂടെയാണ് നിൽക്കേണ്ടതെന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടത്. മാറ്റങ്ങൾ ആവശ്യമാണ്. മാറണം, മാറിയിരിക്കും”, ഓൺലൈൻ‌ മാധ്യമങ്ങളോട് പ്രതികരിച്ചുകൊണ്ട് റോബിൻ രാധാകൃഷ്‍ണൻ പറഞ്ഞു.

മുൻപ് ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പ്രശംസിച്ചുകൊണ്ട് റോബിൻ പങ്കുവച്ച വീഡിയോയും ശ്രദ്ധേയമായിരുന്നു. താനൊരു സംഘിയാണെന്ന് അഭിമാനത്തോടെയാണ് പറയുന്നതെന്നും ബിജെപി കേരളം ഭരിക്കുന്ന ദിവസം വരുമെന്നും റോബിൻ അന്ന് പറഞ്ഞിരുന്നു. തിരുവനന്തപുരം സ്വദേശിയായ റോബിൻ ഡോക്ടർ എന്ന നിലയിലും ഇൻഫ്ലുവൻസർ എന്ന നിലയിലുമാണ് ശ്രദ്ധേയനായത്. റോബിന്റെ ഭാര്യ ആരതി പൊടിയും സോഷ്യൽ മീഡിയയ്ക്ക് പരിചിതമായ മുഖമാണ്.

Related Articles

Back to top button