കെ. സുധാകരനും അടൂർ പ്രകാശിനും ഇളവ്…. നേമത്ത് കെ.എസ്. ശബരീനാഥൻ…..

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി പത്രികാ സമർപ്പണത്തിനുള്ള നീക്കം ആരംഭിച്ച് കെ. സുധാകരൻ. കേരള ഹൗസിൽ നിന്ന് ബാധ്യത രഹിത സർട്ടിഫിക്കറ്റ് അദ്ദേഹം വാങ്ങി. അവസാന നിമിഷം എംപിമാരായ സുധാകരനും അടൂർ പ്രകാശിനും ഹൈക്കമാൻഡ് ഇളവ് നൽകിയേക്കുമെന്നാണ് വിവരം. അങ്ങനെയെങ്കിൽ സുധാകരൻ കണ്ണൂരിലും അടൂർ പ്രകാശ് കോന്നിയിലും മത്സരിക്കും. കേരള ഹൗസിലെ ബാധ്യതരഹിത സർട്ടിഫിക്കറ്റ് അടൂർ പ്രകാശ് നേരത്തെ വാങ്ങിയിരുന്നു.
മത്സരിക്കണമെന്ന് ഉറച്ചുനിന്നതോടെയാണ് ഇരുവർക്കും ഇളവ് നൽകിയേക്കാമെന്ന ആലോചനയിലേക്ക് ഹൈക്കമാൻഡ് കടന്നത്. ഇന്നലെ രാത്രി കെ.സി. വേണുഗോപാൽ, ഷാഫി പറമ്പിൽ, എ.പി. അനിൽകുമാർ എന്നിവർ സുധാകരനെ അനുനയിപ്പിക്കാനുള്ള അവസാനവട്ടം ശ്രമം നടത്തിയിരുന്നെങ്കിലും അദ്ദേഹം വഴങ്ങിയിരുന്നില്ല.
അതേസമയം, അഭിമാന പോരാട്ടം നടക്കുന്ന നേമത്ത് കെ.എസ്. ശബരീനാഥൻ മത്സരിച്ചേക്കും. അദ്ദേഹത്തിന് ഇതുസംബന്ധിച്ച നിർദേശം ലഭിച്ചതായാണ് വിവരം. ശബരിനാഥൻ മുൻപ് എംഎൽഎ ആയിരുന്ന അരുവിക്കരയിൽ വി.എസ്. ശിവകുമാറായിരിക്കും സ്ഥാനാർഥി. സി.പി. ജോണിനു തിരുവനന്തപുരം സീറ്റ് നൽകിയതോടെ അരുവിക്കര വേണമെന്ന് ശിവകുമാർ നേതൃത്വത്തോട് ആവശ്യപ്പെടുകയായിരുന്നു.



