നീല ലോഹിതദാസൻ നാടാർക്കെതിരായ പീഡന കേസ്: അപ്പീൽ തള്ളിയ ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ പുനഃപരിശോധന ഹർജി

നീലലോഹിതദാസൻ നാടർക്കെതിരെയായ പീഡന കേസിലെ അപ്പീൽ തള്ളിയ സുപ്രീം കോടതി ഉത്തരവിനെതിരെ കേസിലെ പരാതിക്കാരി സുപ്രീംകോടതി പുനഃപരിശോധന ഹർജി നൽകി. വെറുതെ വിട്ട ഹൈക്കോടതി ഉത്തരവിനെതിരെ പരാതിക്കാരി നൽകിയ അപ്പിൽ സുപ്രീംകോടതി തള്ളിയിരുന്നു. ഇത് പുനപരിശോധിക്കണമെന്നാണ് നിലവിലെ ഹർജി. ഒപ്പം കേസിൽ അപ്പീലിൽ നൽകണമെന്ന് കാട്ടി സംസ്ഥാന സർക്കാരിന് നൽകിയ കത്തും പരാതിക്കാരി പുറത്തുവിട്ടു. നായനാർ സർക്കാരിന്റെ കാലത്ത് വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥ നൽകിയ പരാതിയിലാണ് നീലലോഹിതദാസൻ നാടാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
അക്കാലത്ത് കേരള രാഷ്ട്രീയത്തിൽ വൻ കൊടുങ്കാറ്റ് സൃഷ്ടിച്ച ഈ വിവാദത്തെത്തുടർന്ന് അദ്ദേഹത്തിന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നിരുന്നു. ഹൈക്കോടതി വിധിക്കെതിരെ പരാതിക്കാരി സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഇടപെടാൻ തക്ക തെളിവുകളില്ലെന്ന് കോടതി നിരീക്ഷിച്ചു. ഹർജി തള്ളാനായി മൂന്ന് പ്രധാന കാരണങ്ങളാണ് കോടതി ചൂണ്ടിക്കാട്ടിയത്. പരാതി നൽകുന്നതിലെ കാലതാമസം സംഭവം നടന്ന ശേഷം പരാതി നൽകാൻ അസ്വാഭാവികമായ കാലതാമസമുണ്ടായെന്നും ഇത് കേസിലെ വിശ്വാസ്യതയെ ബാധിച്ചുവെന്നും കോടതി വിലയിരുത്തി. ഈ വിധി തെറ്റാണെന്നാണ് ഹർജിക്കാരി വാദിക്കുന്നത്.



