അലുവ അതുലിന്റെ കൊലപാതകം… പ്രതികൾ സഞ്ചരിച്ച ‘ഹരിയാന’ ഇന്നോവ കസ്റ്റഡിയിൽ

കരുനാഗപ്പള്ളിയിൽ അലുവ അതുലിന്റെ കൊലപാതകത്തിന് പ്രതികൾ ഉപയോഗിച്ച ഇന്നോവ കാർ പൊലീസ് കസ്റ്റഡിയിൽ. ഇടക്കുളങ്ങര ചെട്ടിയകത്തെ ഒരു വീട്ടിലാണ് കാർ ഉള്ളത്. ഹരിയാന രജിസ്ട്രേഷൻ ഇന്നോവ കാർ പൊലീസ് പിടിച്ചെടുത്തത് ഇന്നലെ രാത്രിയോടെയാണ്. കാർ ആരാണ് ഓടിച്ച് ഇവിടേക്ക് കൊണ്ടുവന്നതെന്ന് കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. ഹരിയാന രജിസ്ട്രേഷനിലുള്ള വാഹനം എങ്ങിനെയാണ് കേരളത്തിൽ എത്തിയതെന്നടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്.
കുറ്റ കൃത്യത്തിന് ഉപയോഗിച്ച 2 വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിനായി നടന്നത് വൻ ആസൂത്രണമാണെന്നും പ്രതികൾ രണ്ട് കാറുകളുമായി അതുലിൻ്റെ നീക്കം നിരീക്ഷിച്ചെന്നും പൊലീസ് പറയുന്നു. ഇന്നോവ കാർ വഴിയിൽ ഉപേക്ഷിച്ചശേഷം പ്രതികൾ മറ്റൊരു സ്വിഫ്റ്റ് കാറിൽ കോട്ടയത്തേക്ക് പോകുകയായിരുന്നു. അതേസമയം, കൊലപാതകത്തിൽ പങ്കെടുത്ത എട്ട് പ്രതികളെയും പൊലീസ് പിടികൂടി. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രണ്ട് പ്രതികളും സഹായിച്ച രണ്ടുപേരും അടക്കം നാലുപേരെയാണ് ആദ്യം പിടികൂടിയത്.
പിന്നീട് നാല് പേർ കൂടി കോട്ടയം മുണ്ടക്കയത്ത് നിന്ന് പിടിയിലായി. ഇവർ സഞ്ചരിച്ചിരുന്ന വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമാണ് നടന്നതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. അരും കൊലപാതകം നടന്ന് 12 മണിക്കൂറിനുള്ളിൽ പ്രധാന പ്രതി ഉൾപ്പെടെ ഉള്ളവരെ പിടികൂടാൻ പൊലീസിന് കഴിഞ്ഞു. കൊലപാതകത്തിലെ ഗൂഡാലോചന കണക്കിലെടുത്ത് ഇനിയും പ്രതികൾ ഉൾപ്പെടാനാണ് സാധ്യതയെന്ന് അന്വേഷണ സംഘം. ഗുണ്ടാ ആക്രമണ സാധ്യത കണക്കിലെടുത്ത് ജില്ലയിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.



