വീടിന്റെ മുകള്‍ നിലയില്‍ പഠിച്ചു കൊണ്ടിരുന്ന വിദ്യാര്‍ഥിനിക്കു നേരെ ആക്രമണം…പെണ്‍കുട്ടിക്ക്…

വീടിന്റെ മുകള്‍ നിലയിലെ മുറിയില്‍ പഠിച്ചു കൊണ്ടിരുന്ന വിദ്യാര്‍ഥിനിക്കു നേരെ ആക്രമണം. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ അബോധാവസ്ഥയില്‍ ചികിത്സയിലാണ്. വെങ്ങോല പൂനൂരില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. മുകള്‍ നിലയിലെ ഒറ്റമുറിയിലിരുന്ന് പഠിച്ചു കൊണ്ടിരുന്ന പതിനാറുകാരിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് മുറിക്കു പുറത്ത് വച്ച് ആക്രമിക്കപ്പെട്ടത്. ശരീരത്തില്‍ ബ്ലേഡ് കൊണ്ടുവരഞ്ഞ മുറിവുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. മുഖത്ത് സ്‌പ്രേ അടിച്ചു. ആക്രമണത്തിനിടയില്‍ മുകളില്‍ നിന്നു മുറ്റത്തു വീണ പെണ്‍കുട്ടിക്ക് തലയ്ക്കു പിന്നില്‍ ഗുരുതരമായി പരുക്കേറ്റതായി പൊലീസ് പറഞ്ഞു. മോഷണ ശ്രമത്തിനിടെ ആക്രമിച്ചതാണെന്ന നിഗമനത്തിലാണ് പൊലീസ്. എങ്കിലും സംഭവത്തില്‍ ദുരൂഹതയുള്ളതായി സംശയിക്കുന്നുണ്ട്.
ആദ്യം പെരുമ്പാവൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയെ പിന്നീട് എറണാകുളം ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. കുട്ടി താഴെ വീഴുന്ന ശബ്ദം കേട്ടാണ് വീട്ടുകാര്‍ ഉണര്‍ന്നത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അബോധാവസ്ഥയിലായ കുട്ടിക്ക് കളമശേരിയില്‍ ചികിത്സ തുടരുകയാണ്. കുട്ടിയുടെ മൊഴിയെടുത്താല്‍ മാത്രമേ യഥാര്‍ത്ഥ വിവരം അറിയാന്‍ കഴിയുകയുള്ളൂ. കുട്ടിക്ക് ഇടയ്ക്കിടെ ബോധം മറയുന്നതിനാല്‍ ഇതുവരെ മൊഴിയെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.


