മനുഷ്യത്വം മരവിച്ച ക്രൂരത…. റോഡരികിൽ കിടന്ന മധ്യവയസ്കനെ… ചൂടുവെള്ളമൊഴിച്ച് പൊള്ളിച്ച പ്രതി പിടിയിൽ….

തൃശ്ശൂർ: മദ്യപിച്ച് ബോധമില്ലാതെ റോഡരികിൽ കിടന്ന മധ്യവയസ്കനെ ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ച കേസിൽ പ്രതി അറസ്റ്റിൽ. വടക്കാഞ്ചേരി തെക്കുംകര കിഴക്കൂട്ടുവളപ്പിൽ രാജനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യപിച്ച ബോധമില്ലാതെ തന്റെ വീടിന് മുന്നിൽ കിടന്നതുകൊണ്ടാണ് ചൂടുവെള്ളം ഒഴിച്ചതെന്നാണ് ഇയാളുടെ മൊഴി.

കഴിഞ്ഞ തിരുവോണ ദിവസമാണ് സംഭവം നടന്നത്. ഗുരുതരമായി പൊള്ളലേറ്റ പാണൻ വീട്ടിൽ ശശി ഒന്നരമാസത്തിലധികമാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞത്. ഇരുകാലുകളിലും ഗുരുതരമായ പൊള്ളലാണ് ഉണ്ടായിരുന്നത്. ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് രാജനെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. മറ്റൊരു മദ്യപാന സദസ്സിനിടെ രാജൻ തന്നെ ഈ സംഭവം വെളിപ്പെടുത്തിയതോടെയാണ് കേസിൽ നിർണായകമായ വഴിത്തിരിവുണ്ടായത്. രാജന്റെ വെളിപ്പെടുത്തൽ കേട്ട സാക്ഷി പിന്നീട് കോടതിയിൽ മൊഴി നൽകിയതോടെയാണ് കേസിന് തുമ്പുണ്ടായത്.

Related Articles

Back to top button