ഗണേഷ് കുമാറിന് കുരുക്ക്… ഗാന്ധിജിയെ അപമാനിച്ചെന്ന് പരാതി….. മന്ത്രിക്കെതിരെ കെപിസിസി ജനറൽ സെക്രട്ടറി

കോഴിക്കോട്: ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ പരാതി. മഹാത്മാ ഗാന്ധിയെ അപമാനിച്ചു, ഗാന്ധിയെ പൊതുജനങ്ങൾക്കിടയിൽ വെറുപ്പുളവാക്കുന്ന രീതിയിൽ ചിത്രീകരിച്ചു എന്നതാണ് പരാതി. കെപിസിസി ജനറൽ സെക്രട്ടറി കെ ഷാജിർ അറാഫത്ത് ആണ് പരാതി നൽകിയത്.

കോഴിക്കോട് ജില്ലാ പൊലീസ് മേധാവിക്കാണ് ഷാജിർ അറാഫത്ത് പരാതി നൽകിയത്. ഭാര്യ ബിന്ദു മേനോൻ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി നൽകുമ്പോഴായിരുന്നു ഗണേഷ് കുമാർ ഗാന്ധിയെ പരാമർശിച്ചത്. തനിക്ക് ഒന്നല്ല, അയ്യായിരം പ്രണയമുണ്ട് എന്നും ഗാന്ധിക്കും നെഹ്‌റുവിനും വരെ പ്രണയങ്ങൾ ഉണ്ടായിരുന്നില്ലേ എന്നുമായിരുന്നു ഗണേഷ്‌ കുമാറിന്റെ പരാമർശം. ഇതിന് എതിരെയാണ് കോൺഗ്രസ് നേതാവ് പരാതി നൽകിയിരിക്കുന്നത്. പൊലീസിന്റെ 112 എന്ന നമ്പറിലേക്ക് വിളിക്കുന്ന സ്ത്രീകൾ എല്ലാം വട്ടുള്ളവരാണ് എന്ന പരാമർശത്തിനെതിരെയും പരാതി നൽകിയിട്ടുണ്ട്. കോഴിക്കോട് ജില്ലാ പൊലീസ് മേധാവി പരാതി കൊല്ലം ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി.

ഗണേഷ്‌ കുമാറിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടുവെന്നും ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ട് എന്നായിരുന്നു ഭാര്യ ബിന്ദു മേനോന്റെ ആരോപണം. വലിയ രാഷ്ട്രീയ വിവാദമാണ് ഈ ആരോപണം ഉണ്ടാക്കിയത്. ഗണേഷിന്റെ ഡ്രൈവറായിരുന്ന ശാന്തൻ തന്റെ ഫോൺ പിടിച്ചുവാങ്ങിയെന്നും തന്നെ ആക്രമിച്ചതിന്റെ തെളിവ് കൈവശമുണ്ടെന്നും ബിന്ദു ആരോപിച്ചിരുന്നു. എന്നാൽ വ്യക്തിപരമായ കാര്യവും രാഷ്ട്രീയവും തമ്മില്‍ എന്ത് ബന്ധമെന്നായിരുന്നു ആരോപണങ്ങൾക്ക് മറുപടിയായി ഗണേഷ്‌കുമാർ പറഞ്ഞത്. ഗണേഷ് കുമാറിന് ഒന്നല്ല ഒരായിരം പ്രണയങ്ങളുണ്ടെന്നും തനിക്ക് എപ്പോഴും വീട്ടില്‍ തന്നെയാണ് ശത്രുക്കളെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സംഭവം വലിയ രാഷ്ട്രീയവിവാദമായതോടെ ഗണേഷിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ഗണേഷ്‌കുമാർ മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങൾ ധരിപ്പിക്കുകയും ചെയ്തിരുന്നു. പിന്നാലെ ഗണേഷ്‌കുമാറും ഭാര്യയും വിഷയം ഒത്തുതീർപ്പാക്കി. ഗണേഷ് കുമാര്‍ തന്നെ വിളിച്ച് മാപ്പ് പറഞ്ഞതായും സംഭവത്തില്‍ താന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടില്ലെന്നും മാപ്പ് പറഞ്ഞ സ്ഥിതിക്ക് ഇനി മറ്റു ചര്‍ച്ചകളുടെ ആവശ്യമില്ലെന്നുമാണ് ബിന്ദു മേനോൻ പറഞ്ഞത്.

Related Articles

Back to top button