വനിതാ സംവരണം അടുത്ത വർഷം മുതൽ… കേന്ദ്രത്തിന്റെ മാസ്റ്റർ പ്ലാൻ…. ബജറ്റ് സമ്മേളനത്തിൽ നിർണ്ണായക ഭേദഗതി

ന്യൂഡൽഹി: രാജ്യത്ത് വനിതാ സംവരണം നടപ്പിലാക്കുന്നത് വേഗത്തിലാക്കാൻ നിർണ്ണായക ഭേദഗതി നീക്കവുമായി കേന്ദ്രസർക്കാർ. അടുത്ത വർഷം മുതൽ തന്നെ സംവരണം പ്രാബല്യത്തിൽ വരുത്താനുള്ള ഭേദഗതി ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിൽ പാർലമെന്റ് പാസാക്കിയേക്കും. മണ്ഡല പുനർനിർണ്ണയത്തിന് (Delimitation) ശേഷം മാത്രം സംവരണം എന്ന നിലവിലെ വ്യവസ്ഥയിലാണ് സർക്കാർ മാറ്റം വരുത്തുന്നത്.
ഭേദഗതി ബില്ലിന്മേൽ സമവായം ഉണ്ടാക്കുന്നതിനായി പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായി ചർച്ച നടത്തി. സംവരണം നടപ്പാക്കാൻ 2029 വരെ കാത്തിരിക്കരുതെന്ന് നേരത്തെ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നതിനാൽ, ഈ നീക്കത്തിന് വലിയ പിന്തുണ ലഭിക്കുമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ.
അടുത്ത വർഷം ആദ്യപാദത്തിൽ നടക്കാനിരിക്കുന്ന ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തന്നെ വനിതാ സംവരണം നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി പ്രത്യേക ഭേദഗതി കൊണ്ടുവരുന്നതോടെ മണ്ഡല പുനർനിർണ്ണയം പൂർത്തിയാകുന്നത് വരെ കാത്തുനിൽക്കാതെ തന്നെ വനിതകൾക്ക് പ്രാതിനിധ്യം ഉറപ്പാക്കാൻ സാധിക്കും.
സംവരണം നടപ്പാക്കേണ്ട മണ്ഡലങ്ങൾ എങ്ങനെ നിശ്ചയിക്കും എന്ന കാര്യത്തിലും സൂചനകൾ പുറത്തുവന്നിട്ടുണ്ട്. നറുക്കെടുപ്പിലൂടെയാകും വനിതകൾക്കായി സംവരണം ചെയ്യേണ്ട മണ്ഡലങ്ങൾ തീരുമാനിക്കുക എന്നാണ് അറിയുന്നത്. നിലവിലെ ‘നാരീ ശക്തി വന്ദൻ’ നിയമപ്രകാരം ലോക്സഭയിലും നിയമസഭകളിലും മൂന്നിലൊന്ന് സീറ്റുകളാണ് വനിതകൾക്കായി മാറ്റിവെക്കേണ്ടത്.



