എൻസിപി യോഗത്തിൽ നിന്ന് മന്ത്രി എ കെ ശശീന്ദ്രൻ ഇറങ്ങിപ്പോയി

നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് എൻസിപിയിൽ ഭിന്നത രൂക്ഷമാകുന്നു. എലത്തൂർ സീറ്റിൽ ഇത്തവണ മത്സരിക്കേണ്ടതില്ലെന്ന് സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോ ആവശ്യപ്പെട്ടതിനെത്തുടർന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പാർട്ടി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. ഏകപക്ഷീയമായ തീരുമാനങ്ങളാണ് പാർട്ടിയിൽ എടുക്കുന്നതെന്നും വേണ്ടത്ര കൂടിയാലോചനകൾ നടക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

മന്ത്രി സ്ഥാനത്തുനിന്ന് മാറിനിൽക്കണമെന്ന നിർദ്ദേശത്തിൽ പ്രതിഷേധിച്ച് യോഗം ബഹിഷ്കരിച്ച ശശീന്ദ്രൻ, ഇത്തരം തീരുമാനങ്ങൾ നേരത്തെ എടുക്കുന്ന സാഹചര്യത്തിൽ യോഗം ചേരുന്നതിൽ അർത്ഥമില്ലെന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം, സ്ഥാനാർത്ഥികളെ നിശ്ചയിക്കാനുള്ള എൻസിപി യോഗം തലസ്ഥാനത്ത് തുടരുകയാണ്.

ശശീന്ദ്രൻ ഇത്തവണ മാറി മറ്റൊരാൾക്ക് മത്സരിക്കാനുള്ള വഴിയൊരുക്കണമെന്നാണ് പാർട്ടിയിലെ ഒരുകൂട്ടം നേതാക്കളുടെ താത്പര്യം. എന്നാൽ ഇതിന് അദ്ദേഹം തയ്യാറാവുന്നില്ലെന്ന് ജില്ലാ നേതാക്കൾ പറഞ്ഞിരുന്നു. എലത്തൂരിൽ ശശീന്ദ്രനെതിരെ ശക്തമായ പ്രാദേശിക വികാരമുണ്ടെന്നും ഇത്തവണയും അദ്ദേഹം തന്നെ മത്സരിച്ചാൽ തിരിച്ചടിയുണ്ടാകുമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നുണ്ട്.

ശശീന്ദ്രൻ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാതെ മാറിനിൽക്കണമെന്ന് എൻസിപി കോഴിക്കോട് ജില്ല അധ്യക്ഷൻ മുക്കം മുഹമ്മദ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. മത്സരിക്കുന്ന കാര്യം പാർട്ടി ദേശീയ നേതൃത്വം തീരുമാനിക്കുമെന്നായിരുന്നു എ കെ ശശീന്ദ്രൻ മറുപടി പറഞ്ഞത്.

1980 മുതൽ എ കെ ശശീന്ദ്രൻ മത്സര രംഗത്തുണ്ട്. ഏഴ് തെരഞ്ഞെടുപ്പുകളിൽ വിജയിച്ചു. പത്ത് വർഷത്തോളം മന്ത്രിസ്ഥാനത്തും ഉണ്ടായി. പാർട്ടി പറഞ്ഞാൽ എലത്തൂർ മണ്ഡലത്തിൽ നിന്ന് ഇത്തവണയും മത്സരിക്കുമെന്നാണ് ശശീന്ദ്രന്റെ നിലപാട്.

Related Articles

Back to top button