ഇത് പരസ്യ മുന്നറിയിപ്പ്,`സംഘ നൃത്തം കളിക്കുമ്പോൾ ഒരാൾ വേറിട്ട് ചാടിയാൽ പരിഹാസ്യം’

യുഡിഎഫ് നേതാക്കൾക്ക് മുന്നറിയിപ്പും ട്രോളുമായി രാഹുൽ ഗാന്ധി. സംഘ നൃത്തം കളിക്കുമ്പോൾ ഒരാൾ വേറിട്ട നൃത്തം ചെയ്താൽ പരിഹാസ്യമായിരിക്കുമെന്ന് പുതുയുഗ യാത്ര സമാപന വേദിയിൽ അദ്ദേഹം പറഞ്ഞു. കേരളത്തിലെ പാർട്ടിയിലെ അനൈക്യ പ്രശ്നത്തിൽ അടിക്കടി റിപ്പോർട്ടുകൾ കിട്ടുമ്പോഴാണ് യുഡിഎഫ് നേതൃത്വത്തിനുള്ള രാഹുലിൻറെ പരസ്യ താക്കീത്.

വോട്ടർമാർക്ക് ഗ്യാരണ്ടികൾ പ്രഖ്യാപിച്ച രാഹുൽ ഗാന്ധി കോൺഗ്രസിൽ ഐക്യമുണ്ടായേ തീരൂവെന്ന് ഉറപ്പിക്കാനുള്ള പരസ്യ മുന്നറിയിപ്പാണ് കേരളത്തിലെ നേതാക്കൾക്ക് നൽകിയത്. അതും നൃത്തത്തോട് ഉപമിച്ചുകൊണ്ടാണ് താക്കീത്. ഒറ്റക്കെട്ടായി നൃത്തം ചെയ്താൽ സംസ്ഥാനത്ത് ഭരണത്തിലെത്താമെന്നാണ് രാഹുലിൻറെ ഉപദേശം. കേരളത്തിലെ ജനങ്ങളുടെ അഭിപ്രായമാണ് താൻ പറയുന്നതെന്ന് മുഖവുരയോടെയാണ് രാഹുലിൻറെ മുന്നറിയിപ്പ്. അനൈക്യവും ഒറ്റയാൻ പോക്കും വേണ്ടെന്നാണ് താക്കീത്.

കോൺഗ്രസിൽ കൂടിയാലോചനകളില്ലെന്ന് പരാതി നേരത്തെ ഉയർന്നപ്പോൾ നേതാക്കളുടെ അടിയന്തര യോഗം വിളിച്ചപ്പോഴും ഒറ്റക്കെട്ടായി പോയേ തീരൂവെന്ന കർശന നിർദേശം രാഹുൽ ഗാന്ധി നൽകിയിരുന്നു. ജനങ്ങൾ യുഡിഎഫിനെ തിരഞ്ഞെടുക്കാൻ ഒരുക്കമാണെന്നും അനൈക്യമാണ് പ്രശ്നമെന്നും രാഹുൽ ചൂണ്ടിക്കാട്ടിയിരുന്നു. അന്ന് പാർട്ടിക്കുള്ളിൽ പറഞ്ഞത് തെരഞ്ഞെടുപ്പ് പ്രചാരണത്തിലേയ്ക്ക് കടക്കുമ്പോൾ പരസ്യമായി പറയുന്നു. പരസ്യമായി തന്നെ ഈ മുന്നറിയിപ്പ് നൽകണമെന്ന് കേരളത്തിൻറെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയുടെ അഭിപ്രായം കൂടി പരിഗണിച്ചാണ് രാഹുലിൻറെ മുന്നറിയിപ്പും ട്രോളും.

Related Articles

Back to top button