ഒൻപതാം ക്ലാസ് പരീക്ഷയ്ക്ക് നൽകിയത് എട്ടാം ക്ലാസ് ചോദ്യക്കടലാസ്; പരീക്ഷ ആരംഭിച്ചത് ഒരു മണിക്കൂർ വൈകി

തലശ്ശേരി നോർത്ത് ബിആർസിക്ക് കീഴിലെ ചില സ്കൂളുകളിൽ ഒൻപതാം ക്ലാസിലെ പരീക്ഷയ്ക്ക് നൽകിയത് എട്ടാം ക്ലാസിലെ ചോദ്യക്കടലാസ്. ഇന്ന് നടക്കേണ്ടിയിരുന്ന ഒൻപതാം ക്ലാസ് മലയാളം സെക്കൻഡ് പരീക്ഷയ്ക്ക് പകരം, നാളെ നടത്താനിരുന്ന എട്ടാം ക്ലാസ് മലയാളം സെക്കൻഡ് പരീക്ഷയുടെ ചോദ്യക്കടലാസ് ആണ് സ്കൂളുകളിൽ എത്തിച്ചത്.
കവർ പൊട്ടിച്ച് ചോദ്യക്കടലാസ് വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുന്നതിനിടെയാണ് ചോദ്യക്കടലാസ് മാറിയതായി അധ്യാപകർ ശ്രദ്ധിച്ചത്. ചോദ്യക്കടലാസ് മാറിയ കാര്യം തിരിച്ചറിഞ്ഞതോടെ അത് വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തിട്ടില്ലെന്ന് അധ്യാപകർ വ്യക്തമാക്കി. ഉടൻ തന്നെ ബി.ആർ.സി അധികൃതരുമായി ബന്ധപ്പെടുകയും തുടർന്ന് ശരിയായ ഒൻപതാം ക്ലാസ് ചോദ്യക്കടലാസ് എത്തിച്ച് വിതരണം ചെയ്യുകയും ചെയ്തു.
സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു. ഈ പിഴവിനെ തുടർന്ന് ഉച്ചയ്ക്ക് 1.30ന് ആരംഭിക്കേണ്ടിയിരുന്ന പരീക്ഷ പല സ്കൂളുകളിലും 2.30ന് ശേഷമാണ് ആരംഭിച്ചത്.



