തൊണ്ടിമുതൽ തിരിമറിക്കേസ്; ആന്റണി രാജു ചെയ്തതിൽ എന്ത് കുറ്റകൃത്യമാണുള്ളതെന്ന് ഹൈക്കോടതി

ലഹരിമരുന്ന് ഒളിപ്പിച്ച അടിവസ്ത്രത്തിൽ കൃത്രിമം കാട്ടിയത് ആന്റണി രാജുവാണെന്നതിന് എന്താണ് തെളിവ്? തൊണ്ടിമുതൽ തിരിമറിക്കേസിൽ ചോദ്യങ്ങളുമായി ഹൈക്കോടതി. അഭിഭാഷകൻ തന്റെ കക്ഷിക്ക് വേണ്ടി ജോലി ചെയ്തു എന്നതിനപ്പുറം ഇതിൽ എന്ത് കുറ്റകൃത്യമാണുള്ളതെന്നും കോടതി പ്രോസിക്യൂഷനോട് ചോദിച്ചു. ലഹരി മരുന്ന് ഒളിപ്പിച്ചുവച്ച അടിവസ്ത്രം തിരിച്ചുനൽകാൻ മജിസ്‌ട്രേറ്റ് നിർദേശം നൽകിയിരുന്നോ എന്ന കാര്യത്തിലും കോടതി വ്യക്തത തേടിയിട്ടുണ്ട്. കോടതിയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ പ്രോസിക്യൂഷൻ കൂടുതൽ സാവകാശം ആവശ്യപ്പെട്ടു. ഇതോടെ അപ്പീൽ പരിഗണിക്കുന്നത് വെള്ളിയാഴ്ചയിലേക്ക് മാറ്റി.
അതിനിടെ, തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആന്റണി രാജുവിന്റെ ആവശ്യത്തെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. തിരഞ്ഞെടുപ്പിൽ മത്സരിക്കുക എന്നത് പൗരന്റെ മൗലികാവകാശമല്ലെന്നും അത് ശിക്ഷാവിധി മരവിപ്പിക്കാനുള്ള പ്രത്യേക സാഹചര്യമായി കാണാനാവില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ, വീണ്ടും മത്സരിക്കണമെങ്കിൽ ശിക്ഷ മരവിപ്പിക്കേണ്ടതുണ്ട്. തുടർന്നാണ് കേസിലെ ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് ആന്‍റണി രാജു അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചത്. ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം നേരത്തേ തിരുവനന്തപുരം സെഷൻസ് കോടതി തള്ളിയിരുന്നു.



