കിളിമാനൂരിൽ പന്നിക്കുവച്ച കെണിയിൽ നിന്ന് ഷോക്കേറ്റ് അച്ഛനും മകനും മരണപ്പെട്ട സംഭവം… നിർണായക വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം കിളിമാനൂരിൽ പന്നിക്കുവച്ച കെണിയിൽ നിന്ന് ഷോക്കേറ്റ് അച്ഛനും മകനും മരണപ്പെട്ട സംഭവത്തിൽ വൈദ്യുതിവേലി നിർമിച്ചത് മാനദണ്ഡങ്ങൾ പാലിക്കാതെയെന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ. കൊച്ചുണ്ണി (58) മകൻ അഖിൽ കണ്ണൻ (32) എന്നിവരാണ് മരിച്ചത്. കിളിമാനൂർ ചെങ്കിക്കുന്നിലാണ് സംഭവം. പുരയിടത്തിലേക്ക് മരത്തൂണുകള്നാട്ടി വൈദ്യുതിവേലി നിർമിച്ചതിന് കെ.എസ്.ഇ.ബി അനുമതിയില്ലെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്.
നാരായണന് പോറ്റിയുടെ ഉടമസ്ഥതയിലുള്ള വയല്‍ പുരയിടത്തിലെ ചാലിൽ കാര്യസ്ഥന് ഗോപാലനാണ് ചൊവ്വാഴ്ച രാവിലെ മൃതദേഹങ്ങള്‍ ആദ്യം കണ്ടത്. വാഴ, മരച്ചീനി എന്നിവ കൃഷിചെയ്തിരുന്ന ഇവിടെ പന്നിശല്യം രൂക്ഷമായതിനാല്‍ കാലങ്ങളായി വൈദ്യതിവേലിയുണ്ട്. ഇതിൽനിന്നാകാം ഷോക്കേറ്റതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആറ്റിങ്ങല്‍ ഡിവൈ.എസ്.പി ജി. സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘവും കെ.എസ്.ഇ.ബി ഉന്നത ഉദ്യോഗസ്ഥരും ഫോറന്‍സിക് സംഘവുമെത്തി പരിശോധന നടത്തി.
ഇരുവരും മരിച്ചുകിടന്നതിന് സമീപം മരച്ചീനികള് പിഴുതിട്ട നിലയിലായിരുന്നു. മാത്രമല്ല, ഈ ഭാഗത്ത് വൈദ്യുതിവേലിയുടെ കമ്പുകളും പിഴുതുമാറ്റിയ നിലയിലായിരുന്നു. രണ്ടുപേര്‍ ചാലില്‍ വൈദ്യുതാഘാതമേറ്റ് കിടക്കുന്നതുകണ്ട് കാര്യസ്ഥന് ഗോപാലന് ഇവ പിഴുതുമാറ്റിയെന്നാണ് പൊലീസ് നിഗമനം. ഗോപാലനെയും ഇവിടേക്ക് വൈദ്യുതി നൽകിയ വീടിന്റെ ഉടമ കുറിയിടത്ത് മഠത്തില്‍ വേണുപോറ്റിയും പൊലീസ് ചോദ്യം ചെയ്തുവരുന്നു. വൈദ്യുതിവേലി നിർമിച്ചത് മാനദണ്ഡങ്ങൾ പാലിച്ചല്ലെന്ന് ഇവിടെയെത്തിയ കെ.എസ്.ഇ.ബി ഉന്നത ഉദ്യോഗസ്ഥര്‍ വിലയിരുത്തി.
ഇരുവരും ദലിത് വിഭാഗത്തിലുള്ള നിര്‍ധന കുടുംബാംഗങ്ങളാണ്. തെങ്ങുകയറ്റമടക്കമുള്ള കൂലിവേല ചെയ്താണ് കുടുംബം പുലര്‍ത്തിവന്നത്.
അനധികൃതമായി സ്ഥാപിച്ച വൈദ്യുതി വേലിയായതിനാൽ പൊലീസ് സ്ഥലം ഉടമയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടത്തി വേലി കെട്ടാൻ സഹായിച്ചവരെയും പ്രതി ചേർക്കുമെന്ന് നഗരൂർ പൊലീസ് അറിയിച്ചു. കാര്‍ഷിക വിളകള്‍ കാട്ടു പന്നികള്‍ നശിപ്പിക്കുന്നത് തടയാനാണ് വൈദ്യുതി വേലി സ്ഥാപിച്ചത്. ഇതിന് പക്ഷെ, ഉടമ മുന്‍കൂര്‍ അനുമതി വാങ്ങിയിരുന്നില്ല. വൈദ്യുതി വേലിയാണെന്ന് മുന്നറിയിപ്പ് നല്കുന്ന സൂചന ബോര്‍ഡുകളും ഉണ്ടായിരുന്നില്ല എന്നാണ് വിവരം.



