പുതിയ ഇ.പി.എസ് സ്കീം ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ; ഉയർന്ന പെൻഷനുവേണ്ടി ഓപ്ഷൻ നൽകിയവർ ആശങ്കയിൽ

പെൻഷൻ സ്കീമിൽ 2026 ഏപ്രിൽ ഒന്ന് മുതൽ നടപ്പാക്കുന്ന പുതിയ പദ്ധതികൾ ദോഷകരമായി ബാധിക്കുമെന്ന ആശങ്കയിൽ ഉയർന്ന പെൻഷനുവേണ്ടി ഓപ്ഷൻ നൽകിയവർ. 1952-ലെ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് സ്കീമിനും (ഇ.പി.എഫ്.) 1995-ലെ എംപ്ലോയീസ് പെൻഷൻ സ്‌കീമിനും (ഇ.പി.എസ്.) പകരമാണ് 2026 ഏപ്രിൽ മുതൽ പുതിയ പദ്ധതികൾ നടപ്പാക്കുന്നത്.
കഴിഞ്ഞദിവസം ഇ.പി.എഫിന്റെ കേന്ദ്ര ട്രസ്റ്റിബോർഡ് അംഗീകാരം നൽകിയ ഇ.പി.എസ്. 2026-ൽ ഉയർന്ന പെൻഷനുവേണ്ടി ഓപ്ഷൻ നൽകുന്ന വ്യവസ്ഥ ഒഴിവാക്കി. ഇതോടൊപ്പം, വിരമിക്കുന്ന സമയത്തെ സ്‌കീം പ്രകാരമാണ് പെൻഷൻ കണക്കാക്കുകയെന്ന് ഇ.പി.എഫ്.ഒ. വ്യക്തമാക്കിയതും ചേർത്ത് വായിക്കുമ്പോഴാണ് ഉയർന്ന പെൻഷന്റെ കാര്യത്തിൽ ചോദ്യമുയരുന്നത്.
2014 സെപ്റ്റംബർ ഒന്നിന് സർവീസിലുള്ളതും 2026 ഏപ്രിൽ ഒന്നിനുശേഷം വിരമിക്കുന്നതുമായ ഇ.പി.എഫ്. അംഗങ്ങൾക്ക് സുപ്രീംകോടതി വിധിച്ച ഉയർന്ന പെൻഷൻ നിഷേധിക്കാൻ പുതിയ സ്‌കീമിലെ വ്യവസ്ഥകൾ ഇ.പി.എഫ്.ഒ. ഉപയോഗപ്പെടുത്തുമോയെന്നാണ് ചോദ്യമുയരുന്നത്.
ഉയർന്ന പെൻഷനുവേണ്ടി അധിക ശമ്പള വിഹിതം അടയ്ക്കാൻ വ്യവസ്ഥ ചെയ്യുന്ന ഇ.പി.എസ്. 95-ലെ 11(4) വകുപ്പാണ് ഒഴിവാക്കിയത്. ഓപ്ഷൻ നൽകാനുള്ള അവസരം ഇനിയില്ലെങ്കിലും നേരത്തേ അപേക്ഷിച്ചവർക്കും ഉയർന്ന പെൻഷൻ നിഷേധിക്കാൻ ഇത് വഴിയൊരുക്കുമോയെന്നാണ് അറിയാനുള്ളത്.
ഉയർന്ന പെൻഷൻ നിഷേധിച്ചില്ലെങ്കിൽപ്പോലും, പ്രോ റേറ്റാ രീതി ഉപയോഗിച്ച് തുക ഗണ്യമായി കുറയ്ക്കാനും പുതിയ സ്‌കീം പ്രകാരം സാധിക്കും. ഓരോ കാലയളവിലും വിജ്ഞാപനം ചെയ്ത വേജ് സീലിങ് പ്രകാരം പെൻഷൻ കണക്കാക്കുന്ന പ്രോ റേറ്റാ രീതി പഴയ സ്‌കീമിലുമുണ്ട്. എന്നാൽ, ഉയർന്ന പെൻഷനുവേണ്ടി അധിക വിഹിതം അടയ്ക്കുന്നവർക്ക് അത് ബാധകമല്ലെന്നാണ് അപേക്ഷകരുടെ വാദം. പ്രോ റേറ്റ പ്രകാരം പെൻഷൻ വെട്ടിക്കുറച്ചതിനെതിരേ വിവിധ കോടതികളിൽ കേസുകൾ നിലനിൽക്കുന്നുണ്ട്. എന്നാൽ, പുതിയ സ്കീമിൽ പ്രോ റേറ്റയ്ക്ക് നിയമസാധുത നൽകുന്ന വ്യവസ്ഥകളാണുള്ളത്.
പഴയ സ്കീമിലെ 11(3) പ്രകാരം പെൻഷൻ ഫണ്ടിലേക്ക് വിഹിതമടയ്ക്കാനുള്ള ശമ്പളത്തിന്റെ ഉയർന്ന പരിധി നിലവിൽ 15,000 രൂപയാണ്. പുതിയ സ്‌കീമിലെ പത്ത് (ഒന്ന്) വകുപ്പനുസരിച്ച് പെൻഷനബിൾ വേജ് കണക്കാക്കുന്നത് ഓരോ കാലയളവിലെയും വേതന പരിധിക്ക് വിധേയമായിരിക്കും. ഈ വേതനപരിധി എത്രയെന്ന് പറയുന്നുമില്ല.
അത് കേന്ദ്രം വിജ്ഞാപനം ചെയ്യും. ഇതോടെ, ഏപ്രിൽ ഒന്നിനുശേഷം വിരമിക്കുന്നവർക്ക് പ്രോ റേറ്റ രീതിയിലാകും പെൻഷൻ കണക്കാക്കുക. അതിനാൽ, വിരമിക്കുന്നതിന്റെ അവസാന 60 മാസത്തെ ശരാശരി ശമ്പളത്തെ അടിസ്ഥാനമാക്കി ലഭിക്കേണ്ട ഉയർന്ന പെൻഷൻ ഗണ്യമായി കുറയും. പ്രോ റേറ്റയ്ക്ക് നിയമസാധുതയുണ്ടെന്ന് ഇ.പി.എഫ്.ഒ. യ്ക്ക് വാദിക്കുകയുമാകാം.
ഇ.പി.എസ്. പ്രകാരമുള്ള മിനിമം പെൻഷൻ 1,000 രൂപയിൽ നിന്ന് ഗണ്യമായി വർധിപ്പിക്കണമെന്നത് ദീർഘകാലത്തെ ആവശ്യമാണ്. പുതിയ സ്‌കീമിലും മിനിമം പെൻഷൻ ആയിരം രൂപതന്നെയാണ്. സർക്കാരിന് എപ്പോൾ വേണമെങ്കിലും ഇത് വർധിപ്പിക്കുന്നതിന് തടസ്സമില്ലെങ്കിലും പുതിയ സ്‌കീം തയ്യാറാക്കിയപ്പോഴും മിനിമം പെൻഷനിൽ തൊട്ടില്ലെന്നത് ശ്രദ്ധേയമാണ്.



