ജ്യൂസിൽ വിഷം കലർത്തി നൽകി മക്കളെ അപായപ്പെടുത്തിയ ശിവനന്ദനയ്ക്ക് വിട നൽകി നാട്

മാന്നാർ: ജ്യൂസിൽ വിഷം കലർത്തി നൽകി മക്കളെ അപായപ്പെടുത്തിയ ശേഷം വിഷം കഴിച്ച് ജീവനൊടുക്കിയ പിതാവിനും മകൾക്കും കണ്ണീരോടെ യാത്രാമൊഴി നൽകി നാട്. മാന്നാർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡിൽ ശിവശൈലത്തില്‍ മനോജ് (45), ആറാം ക്ലാസ് വിദ്യാർഥിനിയായ മൂത്തമകൾ ശിവനന്ദന എന്നിവരുടെ വേർപാടാണ് ഒരു നാടിനെ ഒന്നടങ്കം നൊമ്പരപ്പെടുത്തിയത്.
ഇരുവരുടെയും മൃതദേഹങ്ങൾ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ കുരട്ടിക്കാട് മുത്താരമ്മൻ ട്രസ്റ്റ് ശ്മശാനത്തിൽ സംസ്കരിച്ചു. കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. കുരട്ടിക്കാട് ശ്രീഭുവനേശ്വരി സ്കൂൾ വിദ്യാർഥിനികളായ രണ്ടു പെൺമക്കളെയും മനോജ് കാറിലെത്തി നേരത്തേ വിളിച്ചുകൊണ്ടുപോകുകയായിരുന്നു. വഴിയിൽ വെച്ച് വിഷം കലർത്തിയ ജ്യൂസ് മക്കൾക്ക് നൽകിയ ശേഷം മനോജും കുടിച്ചു. ഇതറിയാതെയാണ് നിഷ്കളങ്കരായ ആ കുരുന്നുകൾ ജ്യൂസ് കുടിച്ചത്. പിന്നീട് റോഡരികിൽ നിർത്തിയിട്ട കാറിൽ അവശനിലയിൽ കണ്ട ഇവരെ പ്രദേശവാസികളിലൊരാൾ അതേ കാറിൽതന്നെ പരുമലയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മനോജിന്റെയും ശിവനന്ദനയുടെയും ജീവൻ രക്ഷിക്കാനായില്ല.


