കുമ്പള ടോൾ പ്ലാസ: 22 ദിവസം കൊണ്ട് പിരിച്ചത് 2.71 കോടി രൂപ; വിവരാവകാശ രേഖ പുറത്ത്

ദേശീയപാതയിലെ കുമ്പള ആരിക്കാടി ടോൾ പ്ലാസ അടച്ചുപൂട്ടുന്നതിന് മുൻപുള്ള 22 ദിവസത്തെ വരുമാനക്കണക്കുകൾ പുറത്തുവന്നു. വിവരാവകാശ നിയമപ്രകാരം വ്യാപാരിയായ അബ്ദുൽ ഖാദർ ഫിർഷാദ് കോട്ട ഉന്നയിച്ച ചോദ്യങ്ങൾക്കാണ് ദേശീയപാത അതോറിറ്റി മറുപടി നൽകിയത്.
ജനുവരി 12 ന് ആണ് ടോൾ പിരിവ് ഈടാക്കിത്തുടങ്ങിയത്. പ്രതിഷേധങ്ങളെ തുടർന്ന് ഫെബ്രുവരി 4ന് ആണ് ടോൾ പ്ലാസ് അടച്ചുപൂട്ടിയത്. ഫാസ്ടാഗിലൂടെ 2.7 കോടിയും യുപിഐ ക്യൂആർ കോഡിലൂടെ 26,000 രൂപയും കൗണ്ടറുകളിൽ പണം നൽകിയതിലൂടെ 1.1 ലക്ഷം രൂപയുമാണ് കിട്ടിയതെന്നും രേഖകളിൽ വ്യക്തമാക്കിയിട്ടുണ്ട്.
നിർമാണ പ്രവ്യത്തി പൂർത്തിയായ ടോൾ പ്ലാസയിൽ കഴിഞ്ഞ നവംബർ നാല് മുതൽ ടോൾ ഈടാക്കാനായിരുന്നു ദേശീയപാത അതോറിറ്റി ഉത്തരവിട്ടത്. എന്നാൽ ആക്ഷൻ കമ്മിറ്റിയുടെ പ്രതിഷേധങ്ങൾ തുടരുകയും ഇതിനിടെ തദ്ദേശ തെരഞ്ഞെടുപ്പും കോടതിയിൽ ഹർജിയുമായതിനാൽ ജനുവരി 12 മുതലായിരുന്നു തുടങ്ങിയത്. അന്നു തന്നെ ടോൾ പ്ലാസയിലേക്ക് ആക്ഷൻ കമ്മറ്റി പ്രതിഷേധം നടത്തി. 13 മുതൽ എകെഎം അഷ്‌റഫ് എംഎൽഎയുടെ നേത്യത്വത്തിൽ ടോൾപ്ലാസയ്ക്കു സമീപം അനിശ്ചിതകാല സമരം തുടങ്ങിയിരുന്നു.
14നു രാത്രി പ്രതിഷേധം ശക്തമായതോടെ അക്രമസംഭവങ്ങൾ നടക്കുകയും ചെയ്തു. 15 മുതൽ സമരം നടത്താൻ പാടില്ലെന്നു എംഎൽഎയ്ക്കു പൊലീസ് നോട്ടിസ് നൽകി. 15നു രാവിലെ സമരപ്പന്തൽ പൊളിച്ചുനീക്കുകയും എംഎൽഎ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ടോൾ പ്ലാസ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് വിവിധ സമരങ്ങൾ നടന്നു. ഇതിനിടെയാണ് ഫെബ്രുവരി 4ന് ടോൾ പ്ലാസ അടച്ചുപൂട്ടിയുള്ള കേന്ദ്ര സർക്കാരിന്റെ ഉത്തരവിറങ്ങിയത്.
രണ്ട് കോടിയിലേറെ രൂപയാണ് ടോൾ പ്ലാസ നിർമിക്കുന്നതിനു ചെലവായതെന്ന് അധികൃതർ അറിയിച്ചു. ഇതിന്റെ കുറേഭാഗങ്ങൾ പൊളിച്ചുനീക്കിയിട്ടുണ്ട്. ഇനിയും പൊളിക്കാനുണ്ടെന്ന് ആക‍്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.


