കൂത്തുപറമ്പിൽ ലീഗിനായി ജയന്തി രാജൻ ഇറങ്ങുമോ? ആർജെഡി വീണ്ടും കെ പി മോഹനനെ പരിഗണിച്ചേക്കും

മുന്നണി സമവാക്യങ്ങളുടെ ഭാഗമായി 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐഎം മത്സരരംഗത്ത് നിന്നും മാറി നിന്ന മണ്ഡലമാണ് കൂത്തുപറമ്പ്. കഴിഞ്ഞ രണ്ട് ദശകമായി കോൺഗ്രസ് സഖ്യകക്ഷികൾക്ക് വിട്ടുനൽകി വരുന്ന മണ്ഡലം കൂടിയാണ് ഇത്. 2006ലാണ് കൂത്തുപറമ്പിൽ അവസാനമായി കോൺഗ്രസും സിപിഐഎമ്മും നേരിട്ട് ഏറ്റുമുട്ടിയത്. 2016ൽ യുഡിഎഫിലായിരുന്ന ജെഡിയുവിലെ കെ പി മോഹനൻ സിപിഐഎമ്മിൻ്റെ കെ കെ ശൈലജയോട് 12291 വോട്ടിന് പരാജയപ്പെട്ടിരുന്നു. 2021ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് കൂത്തുപറമ്പ് സീറ്റ് മുസ്ലിം ലീഗിന് വിട്ടുനൽകി. ഇടതുമുന്നണിക്ക് വേണ്ടി മത്സരരംഗത്ത് ഇറങ്ങിയത് യുഡിഎഫ് സഖ്യം വിട്ടെത്തിയ എൽജെഡിയിലെ കെ പി മോഹനനായിരുന്നു. മുസ്ലിം ലീഗിലെ പൊട്ടൻകണ്ടി അബ്ദുള്ളക്കെതിരെ 9541വോട്ടിനായിരുന്നു കെ പി മോഹനൻ 2021ൽ ഇവിടെ വിജയിച്ചത്. സിറ്റിംഗ് എംഎൽഎ ആയിരുന്നു കെ കെ ശൈലജ മണ്ഡലം മാറി മട്ടന്നൂരിലായിരുന്നു മത്സരിച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ കൂത്തുപറമ്പ് നഗരസഭ ഉൾപ്പെടെ ആകെയുള്ള ഏഴ് തദ്ദേശ സ്ഥാപനങ്ങളിൽ നാലെണ്ണത്തിലും ഭരണത്തിലെത്തിയത് എൽഡിഎഫ് ആണ്. പാനൂർ നഗരസഭ ഉൾപ്പെടെ മൂന്ന് തദ്ദേശ സ്ഥാപനങ്ങളിൽ ഭരണം യുഡിഎഫിനാണ്. കുന്നോത്തുപറമ്പ് പഞ്ചായത്ത് ഇത്തവണ യുഡിഎഫ് ഇടതുമുന്നണിയിൽ നിന്ന് പിടിച്ചെടുത്തിരുന്നു. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകര ലോക്സഭാ മണ്ഡലത്തിൻ്റെ ഭാഗമായ കൂത്തുപറമ്പിൽ 10,788 വോട്ടിൻ്റെ ഭൂരിപക്ഷമാണ് യുഡിഎഫിനുണ്ടായിരുന്നത്.
ആർജെഡിയുടെ കെ പി മോഹനന് തന്നെയാണ് കൂത്തുപറമ്പിൽ ആർജെഡിയുടെ ആദ്യ പരിഗണന. കെ പി മോഹനൻ മത്സരത്തിനിറങ്ങുന്നില്ലെങ്കിൽ ആർജെഡി സംസ്ഥാന ജനറൽ സെക്രട്ടറി പി കെ പ്രവീണും പരിഗണനയിലുണ്ട്. മുസ്ലിംലീഗിന്റെ ദേശീയ അസിസ്റ്റൻ്റ് സെക്രട്ടറി ജയന്തി രാജൻ, പി കെ ഷാഹുൽഹമീദ്, അഖിലേന്ത്യാ വൈസ് പ്രസിഡൻ്റ് സൈനുൽ ആബിദീൻ, സി കെ നജാഫ് എന്നിവരെയാണ് കൂത്തുപറമ്പിൽ നിന്ന് മുസ്ലിം ലീഗ് പരിഗണിക്കുന്നത്. സി സത്യപ്രകാശ്, അഡ്വ.സിജിലാൽ എന്നിവരെയാണ് എൻഡിഎ പരിഗണിക്കുന്നത്.



