ഭൂചലനം.. 4.3 തീവ്രത…ആണവ പരീക്ഷണമെന്ന് അഭ്യൂഹങ്ങൾ

യുഎസ്-ഇസ്രയേൽ സംഘർഷാവസ്ഥ തുടരുന്നതിനിടെ ചൊവ്വാഴ്ച (ഇന്ന് ) രാവിലെ ഇറാനിൽ ഭൂകമ്പം രേഖപ്പെടുത്തി. തെക്കൻ ഇറാനിലെ ഫാർസ് പ്രവിശ്യയിലും ഗെറാഷ് മേഖലയിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തിന് റിക്ടർ സ്‌കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തി.

ഭൂചലനത്തിൽ ആളപായമോ വൻ നാശനഷ്ടങ്ങളോ ഉണ്ടായതായി ഇതുവരെ റിപ്പോർട്ടുകളില്ല. ഗ്രാമീണ മേഖലയായ ഗെറാഷാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായി വ്യക്തമാക്കപ്പെട്ടത്. പ്രാദേശിക ഭരണകൂടം സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്.

ഇതിനിടെ, ഭൂചലനവാർത്ത പുറത്ത് വന്നതോടെ സാമൂഹികമാധ്യമങ്ങളിൽ ആണവപരീക്ഷണവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ പ്രചരിച്ചു. ഭൂകമ്പം ഏതെങ്കിലും രഹസ്യ ആണവപരീക്ഷണത്തിന്റെ ഫലമായിരിക്കാമെന്ന തരത്തിലുള്ള അനുമാനങ്ങളാണ് ഉയർന്നത്. എന്നാൽ, ഇത്തരം വാദങ്ങൾക്ക് ശാസ്ത്രീയ അടിസ്ഥാനമില്ലെന്ന് വിദഗ്ധരെ ഉദ്ധരിച്ച് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഭൂകമ്പം അനുഭവപ്പെട്ട തെക്കൻ ഇറാൻ മേഖല സാഗ്രോസ് മലനിരകളോട് ചേർന്ന പ്രദേശമായതിനാൽ സ്വാഭാവിക ഭൂചലനങ്ങൾ പതിവായി രേഖപ്പെടുത്തുന്ന മേഖലയാണെന്നും ഭൂകമ്പം ഭൗമശാസ്ത്രീയ കാരണങ്ങളാൽ ഉണ്ടായതാണെന്നുമാണ് വിദഗ്ധരുടെ വിശദീകരണം.

സംഭവത്തെ തുടർന്ന് അധികാരികൾ ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ്. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു.

Related Articles

Back to top button