തലസ്ഥാനം പൊങ്കാല ലഹരിയിൽ; ആറ്റുകാൽ പൊങ്കാലയ്ക്ക് ഭക്തിനിർഭരമായ തുടക്കം; പണ്ഡാര അടുപ്പിൽ തീ തെളിഞ്ഞു

ലോകപ്രശസ്തമായ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് തുടക്കമായി. ക്ഷേത്ര മുറ്റത്തെ പണ്ഡാര അടുപ്പിലേക്ക് മേൽശാന്തി ശ്രീകോവിലിൽ നിന്ന് പകർന്നു നൽകിയ ദീപം തെളിയിച്ചതോടെ ഭക്തലക്ഷങ്ങൾ കാത്തിരുന്ന പുണ്യനിമിഷത്തിന് തുടക്കമായി. രാവിലെ 9.15-ഓടെ ശുദ്ധപുണ്യാഹം ഉൾപ്പെടെയുള്ള ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷമാണ് അഗ്നി പകർന്നത്. പണ്ഡാര അടുപ്പിൽ തീ പടർന്ന വിവരം കതിന വെടികളിലൂടെ അറിയിച്ചതോടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കാത്തിരുന്ന ഭക്തരും തങ്ങളുടെ അടുപ്പുകളിലേക്ക് അഗ്നി പകർന്നു.

ഉച്ചയ്ക്ക് 2.15-നാണ് പൊങ്കാല നിവേദ്യം. ചന്ദ്ര ഗ്രഹണമായതിനാൽ ഉച്ചയ്ക്ക് 3.10 മുതൽ രാത്രി 7 വരെ ക്ഷേത്രനട അടച്ചിടും. ഈസമയം ദർശനത്തിന് നിയന്ത്രണമുണ്ടാകും. അത്ഭുതപൂർവ്വമായ തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെടുന്നത്. തിരുവനന്തപുരം നഗരത്തിൽ മിക്കയിടത്തും പൊങ്കാലയിടുന്നതിനായി ഭക്തർ കാത്തിരിക്കുകയാണ്. നഗരത്തിന്റെ കാണാവുന്ന കോണിലെല്ലാം ഇഷ്ടികയും മൺകലങ്ങളും നിറഞ്ഞിട്ടുണ്ട്. തമ്പാനൂർ, ബേക്കറി, വഞ്ചിയൂർ, ജഗതി, സ്റ്റാച്യു, സെൻട്രൽ സ്റ്റേഡിയത്തിന് പുറകിൽ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഭക്തർ ഇടംപിടിച്ചിരിക്കുകയാണ്.

ആറ്റുകാൽ പൊങ്കാല കഴിഞ്ഞ് നഗരം ശുചിയാക്കാൻ കോർപ്പറേഷൻ രംഗത്തിറക്കുന്നത് 3500 തൊഴിലാളികളെ. കൂടാതെ സേവാഭാരതി അടക്കമുള്ള സന്നദ്ധ സംഘടനകളുടെ പ്രവർത്തകർ, കോളേജ് വിദ്യാർഥികൾ തുടങ്ങിയവർ ശുചീകരണത്തിൽ പങ്കാളികളാകും. തുടർന്ന് കൃത്രിമമഴ പെയ്യിച്ചുള്ള ശുചീകരണവും നടക്കും. പൊങ്കാല നിവേദിച്ച് ഉച്ചയ്ക്ക് രണ്ടരയോടെതന്നെ ശുചീകരണപ്രവർത്തനം തുടങ്ങും.

നിവേദ്യത്തിന് രണ്ടുമണിക്കൂർ മുൻപ് വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് കെ.എസ്.ആർ.ടി.സി ബസുകളെത്തും. കിഴക്കേക്കോട്ട നോർത്ത് സ്റ്റാൻഡ്, കരമന-പി.ആർ.എസ്. ആശുപത്രി, കിള്ളിപ്പാലം റൗണ്ട്, ബേക്കറി ജങ്ഷൻ, കമലേശ്വരം സ്‌കൂളിനു സമീപം എന്നിവിടങ്ങളിൽ ബസ് പാർക്ക് ചെയ്യും. ദീർഘദൂര സർവീസുകൾ തമ്പാനൂർ സെൻട്രൽ ബസ് സ്റ്റാൻഡിൽനിന്നാണു പുറപ്പെടുക. ഹ്രസ്വദൂര ഫാസ്റ്റ് പാസഞ്ചർ സർവീസുകൾ പനവിളയിൽനിന്ന് സർവീസ് നടത്തും.

പൊങ്കാലയിടുന്നവരുടെ സൗകര്യത്തിനായി പാളയം സി.എസ്.ഐ. ക്രൈസ്റ്റ് പള്ളിയും സെയ്ന്റ് ജോസഫ് കത്തീഡ്രൽ പള്ളിയും ആരാധനാസമയത്തിൽ മാറ്റംവരുത്തി. പാളയം ജുമാ മസ്ജിദ് കമ്യൂണിറ്റി ഹാളും പരിസരവും പൊങ്കാലയിടാൻ എത്തുന്നവർക്ക് തുറന്നുനൽകിയിട്ടുണ്ട്. റെസിഡെൻസ് അസോസിയേഷനുകളും തൊഴിലാളിസംഘടനകളും ഭക്ഷണവും ജലവും മറ്റു സൗകര്യങ്ങളും ഉറപ്പാക്കാൻ സജീവമായി രംഗത്തുണ്ട്. കവലകളെല്ലാം ഉത്സവദിനംമുതൽതന്നെ ഭക്തിയുടെയും കൂട്ടായ്മയുടെയും നിറവും വെളിച്ചവും സംഗീതവുമൊരുക്കിയിട്ടുണ്ട്.

Related Articles

Back to top button