ഓഹരി വിപണിയിൽ വൻലാഭം വാഗ്ദാനം ചെയ്ത് തട്ടിപ്പ്, ആലപ്പുഴയിൽ 85കാരന് നഷ്ടമായത്

ആലപ്പുഴ: ഓഹരി വിപണിയിൽ വൻലാഭം വാഗ്ദാനം ചെയ്ത് വീണ്ടും തട്ടിപ്പ്. മാരാരിക്കുളം സ്വദേശിയായ 85കാരന് 19.62 ലക്ഷം രൂപ നഷ്ടമായി. വ്യാജ ട്രേഡിങ് ആപ്പ് ഇൻസ്റ്റൾ ചെയ്യിച്ചാണ് വയോധികന്റെ പണം കവർന്നത്. ഡിസംബർ 16 മുതൽ ഫെബ്രുവരി രണ്ട് വരെയുള്ള ദിവസങ്ങളിൽ 17 തവണയായി 19,62,768 രൂപയാണ് 85 കാരൻ നിക്ഷേപിച്ചത്.
യൂട്യൂബിൽ കണ്ട വിഡിയോയുടെ കൂടെ ഉണ്ടായിരുന്ന ലിങ്കിൽ വിവരം നൽകിയതോടെയാണ് തട്ടിപ്പിന്റെ തുടക്കം. വിവരങ്ങൾ നൽകിയതിന് പിന്നാലെ ബിഎക്സ്ബി മാർക്കറ്റ് എന്ന ഷെയർ ട്രേഡിങ് ഗ്രൂപ്പിന്റെ പ്രതിനിധിയെന്ന് അറിയിച്ച് ഒരാൾ ബന്ധപ്പെടുകയും ആപ്പ് ഇൻസ്റ്റാൾ ചെയ്യിക്കുകയുമായിരുന്നു. നിക്ഷേപവും ലാഭവും കൃത്രിമമായി കാണിച്ചാണ് തട്ടിപ്പുകാർ വിശ്വാസം നേടിയത്.
എന്നാൽ, ലാഭമായി ലഭിച്ച തുക പിൻവലിക്കാൻ സാധിച്ചില്ല. തട്ടിപ്പുകാരെ ബന്ധപ്പെട്ടപ്പോൾ കൂടുതൽ പണം ആവശ്യപ്പെട്ടു. ഇതോടെയാണ് പൊലീസിൽ പരാതി നൽകിയത്. വയോധികന്റെ പണം എത്തിയ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിന് കൈമാറി. വയോധികന്റെ പരാതിയിൽ കേസെടുത്ത ആലപ്പുഴ സൈബർ ക്രൈം പൊലീസ് അന്വേഷണം ആരംഭിച്ചു.




