ആരോഗ്യമന്ത്രിക്ക് നേരെ പ്രതിഷേധിച്ച കെഎസ്യു നേതാക്കളെ കൊല്ലുമെന്ന് ഭീഷണി; ചോരക്കളിക്ക് ആഹ്വാനം ചെയ്യുന്നത് കെ കെ രാഗേഷാണെന്ന്, മുഹമ്മദ് ഷമ്മാസ്

ആരോഗ്യ മന്ത്രിക്കെതിരായ പ്രതിഷേധം തുടരുമെന്ന് കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് പി മുഹമ്മദ് ഷമ്മാസ്. ആരോഗ്യമേഖല നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങള്‍ നിരവധിയുണ്ട്. ആരോഗ്യമന്ത്രിക്ക് ആരോഗ്യം വീണ്ടെടുക്കാനില്ല. അവരുടെ നാടകം അവസാനിപ്പിച്ചാല്‍ പ്രതിഷേധം തുടരുക തന്നെ ചെയ്യും. ഐസിയുവില്‍ ഉണ്ടായിരുന്ന രോഗി റോഡ് മാര്‍ഗ്ഗം തിരുവനന്തപുരത്തേക്ക് പോയത് തന്നെ നടന്നതെല്ലാം നാടകമെന്ന ആരോപണത്തിന് തെളിവാണ്. കോമാളിത്തരത്തിന്റെ പുതിയ ഉദാഹരമാണിതെന്നും മുഹമ്മദ് ഷമ്മാസ് പറഞ്ഞു.
ജനാധിപത്യ മാര്‍ഗത്തിലൂടെ നടത്തുന്നതാണ് കരിങ്കൊടി പ്രതിഷേധം. കരിങ്കൊടി പ്രതിഷേധത്തിന്റെ പേരില്‍ കെഎസ്യു ജില്ലാ സെക്രട്ടറി ബിതുലിന്റെ വീട് ബോംബെറിഞ്ഞ് തകര്‍ക്കുന്ന നിലയിലേക്കുള്ള സാഹചര്യത്തിലേക്ക് പോയി. തീക്കൊണ്ടാണ് സിപിഐഎം തല ചൊറിയുന്നത്. ഉത്തരവാദിത്വപ്പെട്ട സിപിഐഎം നേതാക്കളുടെ അറിവോടെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. ആരോഗ്യമന്ത്രിക്ക് നേരെ പ്രതിഷേധിച്ച കെഎസ്യു നേതാക്കളെ കൊല്ലുമെന്ന് ഭീഷണിയാണ്. നേതാക്കളെ ലക്ഷ്യംവെച്ച് സമൂഹമാധ്യമങ്ങളിലൂടെ പരസ്യമായ കൊലവിളി നടക്കുന്നു. ചോരക്കളിക്ക് ആഹ്വാനം ചെയ്യുന്നത് സിപിഐഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷാണ്. ജില്ലയുടെ സമാധാനം സംരക്ഷിക്കാനുള്ള ജാഗ്രതയാണ് ഇപ്പോള്‍ കെഎസ്യു കാണിക്കുന്നതെന്നും മുഹമ്മദ് ഷമ്മാസ് പറഞ്ഞു.
ഐസിയു ബെഡ് കിട്ടാതെ രോഗികള്‍ വലയുമ്പോള്‍ ഒരു പരിക്കുമില്ലാത്ത ആരോഗ്യ മന്ത്രിയെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. ഐസിയു സിസ്റ്റത്തിന്റെ ഉപകരണങ്ങളൊന്നും ഘടിപ്പിക്കാതെയാണ് മന്ത്രിയെ കിടത്തിയത്. ഐസിയു പ്രോട്ടോകോള്‍ ലംഘിച്ച് മന്ത്രി ചിത്രമെടുത്തു. ആരോഗ്യമന്ത്രി ഡിസ്ചാര്‍ജ് ആയി കണ്ണൂര്‍ വിടും മുന്‍പ് ആക്രമണം നടത്തിയെന്നും മുഹമ്മദ് ഷമ്മാസ് പറഞ്ഞു.



