വിമാന യാത്രക്കാർക്ക് വലിയ ആശ്വാസം നൽകുന്ന പുതിയ തീരുമാനവുമായി ഏവിയേഷൻ റെഗുലേറ്ററായ ഡിജിസിഎ

വിമാന യാത്രക്കാർക്ക് വലിയ ആശ്വാസം നൽകുന്ന പുതിയ തീരുമാനവുമായി ഏവിയേഷൻ റെഗുലേറ്ററായ ഡിജിസിഎ. ടിക്കറ്റ് ബുക്ക് ചെയ്ത് 48 മണിക്കൂറിനുള്ളിൽ യാതൊരു അധിക ചാർജും നൽകാതെ ടിക്കറ്റ് റദ്ദാക്കാനോ, മാറ്റം വരുത്താനോ ഇനി മുതൽ യാത്രക്കാർക്ക് സാധിക്കും. 2026 ഫെബ്രുവരി 24-നാണ് ഇത് സംബന്ധിച്ച പരിഷ്കരിച്ച നിയമങ്ങൾ പുറത്തിറക്കിയത്. ടിക്കറ്റ് ബുക്ക് ചെയ്ത് 48 മണിക്കൂറിനുള്ളിൽ ക്യാൻസലേഷൻ ചാർജ് നൽകാതെ ടിക്കറ്റ് റദ്ദാക്കാം. എന്നാൽ വിമാനം പുറപ്പെടുന്നതിന് നിശ്ചിത ദിവസങ്ങൾക്ക് മുൻപേ (ആഭ്യന്തര സർവീസിന് ഏഴ് ദിവസവും അന്താരാഷ്ട്ര സർവീസിന് 15 ദിവസവും) ടിക്കറ്റ് ബുക്ക് ചെയ്തിരിക്കണം എന്ന വ്യവസ്ഥയുണ്ട്.
ടിക്കറ്റിൽ പേര് ടൈപ്പ് ചെയ്തപ്പോൾ വന്ന തെറ്റുകൾ തിരുത്താൻ ഇനി പണം നൽകേണ്ടതില്ല. ബുക്കിംഗ് നടത്തി 24 മണിക്കൂറിനുള്ളിൽ തെറ്റ് ചൂണ്ടിക്കാണിച്ചാൽ വിമാനക്കമ്പനികൾ സൗജന്യമായി പേര് തിരുത്തി നൽകണം. എയർലൈനിന്‍റെ വെബ്‌സൈറ്റ് വഴി നേരിട്ട് ബുക്ക് ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം. ട്രാവൽ ഏജന്‍റുകൾ വഴിയോ, മറ്റ് പോർട്ടലുകൾ വഴിയോ ആണ് ടിക്കറ്റ് എടുത്തതെങ്കിൽ പോലും പണം തിരികെ നൽകേണ്ട ഉത്തരവാദിത്വം വിമാനക്കമ്പനിക്കാണ്. 14 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ പണം തിരികെ നൽകിയിരിക്കണം. യാത്രക്കാരനോ, കൂടെയുള്ള കുടുംബാംഗമോ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടാൽ ടിക്കറ്റ് റദ്ദാക്കുന്നതിനുള്ള നിയമങ്ങളിലും ഡിജിസിഎ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. 2025 ഡിസംബറിൽ ഇൻഡിഗോ വിമാനങ്ങൾ തടസപ്പെട്ടപ്പോൾ റീഫണ്ട് ലഭിക്കാൻ യാത്രക്കാർ നേരിട്ട കാലതാമസവും, പരാതികളും കണക്കിലെടുത്താണ് സിവിൽ ഏവിയേഷൻ മന്ത്രാലയം ഈ നടപടി സ്വീകരിച്ചത്. യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും എയർലൈനുകളെ കൂടുതൽ ഉത്തരവാദിത്വമുള്ളവരാക്കുന്നതിനുമാണ് ഈ പുതിയ മാനദണ്ഡങ്ങൾ.




