തേനീച്ച ആക്രമണം; അഞ്ച് പേര്‍ക്ക് കുത്തേറ്റു, ഒരാൾക്ക് ഗുരുതര പരിക്ക്

മലപ്പുറം എടക്കരയിൽ തേനീച്ച ആക്രമണം. വഴിക്കടവ് നരിവാലമുണ്ടയിലാണ് സംഭവം. തേനീച്ചകളുടെ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. നരിവാലമുണ്ട കുറ്റിക്കാട്ടില്‍ കുഞ്ഞനാണ് (65) ഗുരുതര പരിക്ക് പറ്റിയത്. റോഡിലൂടെ നടന്ന പോകുന്നതിനിടെയാണ് അഞ്ച് പേർക്കും തേനീച്ചയുടെ കുത്തേറ്റത്.
കുഞ്ഞൻ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. മൊടപ്പൊയ്ക സ്വദേശിയായ തെങ്ങ് കയറ്റ തൊഴിലാളി ശ്രീജേഷ്, വഴിക്കടവ് ഗ്രാമപഞ്ചായത്ത് ഹരിത കര്‍മസേന അംഗം പ്രിയ കണ്ണോത്ത്, ബൈജു വടക്കേക്കര, ബിജു കുന്നത്ത് എന്നിവര്‍ക്കും പരിക്കേറ്റു. ഇവരെ വഴിക്കടവിലെ സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക ചികിത്സകള്‍ക്ക് ശേഷം വിട്ടയച്ചു. റോഡിലൂടെ നടന്നുപോകുമ്പോഴാണ് കുഞ്ഞന്‍ തേനീച്ചയുടെ കുത്തേറ്റത്. ആക്രമണത്തില്‍ നിന്ന് രക്ഷപെടാന്‍ ഓടുന്നതിനിടയില്‍ വീണും ചിലര്‍ക്ക് പരിക്കേറ്റു.



