‘ബിജെപിയിലേക്ക് പോകുമോ? സുരേഷ് ഗോപിയുമായി എന്താണ് ബന്ധം?’ പ്രചാരണങ്ങൾക്ക് മറുപടിയുമായി പുളിക്കക്കണ്ടം കുടുംബം

ബിജെപിയിലേക്ക് പോകുമെന്ന സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണം തള്ളി പുളിക്കക്കണ്ടം കുടുംബത്തിലെ മൂന്ന് സ്വതന്ത്ര കൗണ്‍സിലർമാർ. കുപ്രചരണത്തിന് പിന്നിൽ കേരള കോണ്‍ഗ്രസ് എം നേതാക്കളാണെന്ന് പാലാ മുൻസിപ്പൽ ചെയർപേഴ്സൻ ദിയ പുളിക്കക്കണ്ടം പറഞ്ഞു. പാലായിൽ യുഡിഎഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി പ്രവർത്തിക്കുമെന്നും പുളിക്കക്കണ്ടം കുടുംബം വ്യക്തമാക്കി. ഷോണ്‍ ജോർജിനൊപ്പം ഒരു സ്വകാര്യ പരിപാടിയിൽ പങ്കെടുത്തതിന് പിന്നാലെയാണ് ദിയക്കെതിരായ പ്രചാരണം.

ഒരു കടയുടെ ഉദ്ഘാടനത്തിന് സ്വച്ചി ഓണ്‍ കർമം നിർവഹിച്ചത് ചെയർപേഴ്സനായ ദിയ ആയിരുന്നു. കടയുടമ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ഇതോടെ ഷോണിന്‍റെയും ദിയയുടെയും ചിത്രം വെട്ടി സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണം നടത്തിയതെന്നാണ് കുടുംബത്തിന്‍റെ ആരോപണം. പ്രചാരണം വാസ്തവവിരുദ്ധമാണെന്നാണ് പുളിക്കക്കണ്ടം കുടുംബത്തിന്‍റെ വിശദീകരണം. തിരഞ്ഞെടുപ്പിൽ വിജയിച്ച് യുഡിഎഫ് പിന്തുണ തന്നതോടെ തങ്ങൾ യുഡിഎഫിന്‍റെ ഭാഗമാണെന്ന് ദിയ പറഞ്ഞു. മാണി സി കാപ്പൻ മന്ത്രിയായി കാണണമെന്നാണ് തങ്ങളുടെ ലക്ഷ്യം. യുഡിഎഫ് ഭരണത്തിൽ വരണമെന്ന ആഗ്രഹത്തോടെയാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്നും ദിയ പറഞ്ഞു. സുരേഷ് ഗോപിയുമായി മൂന്ന് പതിറ്റാണ്ടിലേറെയായി കുടുംബ ബന്ധമുണ്ട്. അതിനെ രാഷ്ട്രീയമായി കൂട്ടിക്കുഴയ്ക്കേണ്ട കാര്യമില്ലെന്നും പുളിക്കക്കണ്ടം കുടുംബം വ്യക്തമാക്കി

Related Articles

Back to top button