തന്ത്രി കണ്ഠരര് രാജീവരെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതി തന്ത്രി കണ്ഠരര് രാജീവരെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് നിലവില്‍ തന്ത്രിയുള്ളത്. ജയിലില്‍ തുടരുമ്പോള്‍ മെഡിക്കല്‍ കോളേജില്‍ വച്ച് നടത്തിയ ആന്‍ജിയോഗ്രാമില്‍ ബ്ലോക്ക് കണ്ടെത്തിയിരുന്നു. ഇത് അടക്കമുള്ള ആരോഗ്യപ്രശ്നങ്ങള്‍ പരിശോധിക്കാനാണ് തന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് ഉച്ചയ്ക്ക് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ തന്ത്രിയെ ആശുപത്രിയിലെത്തി സന്ദര്‍ശിക്കും.
ജയിലില്‍ കഴിയുമ്പോള്‍ തന്നെ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിന് പിന്നാലെ തന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ജയിലില്‍ വച്ച് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആന്‍ജിയോഗ്രാം നടത്താന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹൃദയത്തില്‍ ബ്ലോക്ക് കണ്ടെത്തിയത്.
അതേസമയം സ്വര്‍ണക്കൊള്ള കേസിലെ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി തന്ത്രി കോടതിയെ സമീപിച്ചിരുന്നു. പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥയിലാണ് ഇളവ് തേടിയത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കായി പോകണമെന്ന് ചൂണ്ടിക്കാണിച്ചാണ് തന്ത്രി കൊല്ലം വിജിലന്‍സ് കോടതിയില്‍ അപേക്ഷ നല്‍കിയത്.



