‘ബീഫ് വിളമ്പിയാൽ പൊട്ടുന്ന ഒരു മത വികാരവും കേരളത്തിലില്ല, ഇല്ലാത്ത വികാരത്തെ ചൊറിഞ്ഞ് പൊട്ടിക്കാൻ സാധിക്കുമോ”

എസ്എഫ്ഐയുടെ ബീഫ് ഫെസ്റ്റ് മുസ്ലിം വോട്ട് കിട്ടാനുള്ള രാഷ്ട്രീയക്കളിയാണെന്ന മുസ് ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാമിന്റെ പ്രസ്താവനയ്ക്കെതിരെ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്. സംഘപരിവാർ ന്യൂനപക്ഷങ്ങൾക്കെതിരെ നടത്തുന്ന ആക്രമങ്ങളെ പ്രതിരോധിക്കാൻ ലീഗ് നടത്തിയ ഒരു രാഷ്ട്രീയ ക്യാമ്പെയിൻ നമ്മുടെ മുന്നിലുണ്ടോയെന്നും തുടർച്ചയായുണ്ടാവുന്ന ഇത്തരം ആക്രമണങ്ങളിൽ ലീഗ് തുടരുന്ന മൗനം ആരെ സഹായിക്കാനാണെന്നും ശിവപ്രസാദ് ചോദിക്കുന്നു.
ഗുജറാത്ത് വംശഹത്യയുടെ പാപക്കറ മോദിയിൽ നിന്ന് തുടച്ച് നീക്കാൻ ലീഗ് ശ്രമിക്കുന്നത് ഏത് അധികാര കസേരക്ക് വേണ്ടിയാണെന്നും ശിവപ്രസാദ് ചോദിച്ചു. കേരള സ്റ്റോറി ഉയർത്തുന്നത് കേരളത്തിനും ന്യൂനപക്ഷങ്ങൾക്കും എതിരായ കുപ്രചരണമാണ്. ഇത് സംഘപരിവാർ അജണ്ടയാണ്. കേരളത്തിൽ ഈ സംഘപരിവാർ അജണ്ടയെ പ്രതിരോധിക്കാൻ എസ്എഫ്ഐ സാധ്യമായ എല്ലാ വഴികളും തേടുമെന്നും ശിവപ്രസാദ് വ്യക്തമാക്കി.



