ക്ഷേത്രത്തിലെ പാചകക്കാരിയുടെ മകനെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത

ക്ഷേത്രത്തിലെ പാചകക്കാരിയുടെ രണ്ടര വയസുകാരനായ മകനെ ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത ഉയരുന്നു. തമിഴ്നാട് റാണിപ്പെട്ട് ജില്ലയിലെ ആർക്കോട്ട് കറുപ്പസാമി ക്ഷേത്രത്തിലാണ് സംഭവം നടന്നത്. ക്ഷേത്രത്തിലെ പാചകക്കാരി മേഘലയുടെ മകൻ ലക്ഷൻ ആണ് മരിച്ചത്. ക്ഷേത്രത്തിലെത്തുന്ന ഭക്തർക്കുള്ള ഭക്ഷണം പാചകം ചെയുന്നത് മേഘലയാണ്. മകനെ ക്ഷേത്രമുറ്റത്ത് ഇരുത്തിയ ശേഷം അടുക്കളയിലേക്ക് പോയ മേഘല തിരികെ വന്നപ്പോൾ കുഞ്ഞിനെ കണ്ടില്ല. തുടർന്ന് തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടുകിട്ടിയില്ല. പിന്നീട് പോലീസെത്തി നടത്തിയ പരിശോധനയിലാണ് ക്ഷേത്രക്കുളത്തിൽ കുഞ്ഞ് മരിച്ചു കിടക്കുന്നത് കണ്ടത്. സംഭവത്തിൽ ആർക്കോട് ടൗൺ പോലീസ് കേസെടുത്തിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.



